പോർച്ചുഗലിന് സമനില
ലണ്ടൻ: യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസും സെമിഫൈനലിസ്റ്രുകളായ ഇംഗ്ലണ്ടും തകർപ്പൻ ജയം നേടിയപ്പോൾ ക്രിസ്റ്ര്യാനൊ റൊണാൾഡോയുടെ പോർച്ചുഗൽ സമനിലയിൽ കുരുങ്ങി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ വെംബ്ലിയിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ തകർത്തത്. ഹാട്രിക്കുമായി കളം നിറഞ്ഞ റഹിം സ്റ്രെർലിംഗാണ് ഇംഗ്ലണ്ടിന് ഗംഭീരജയം സമ്മാനിച്ചതിൽ പ്രധാനി. സ്റ്രെർലിംഗിന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്കാണിത്. പെനാൽറ്റിയിലൂടെ ഹാരി കേനും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടപ്പോൾ ചെക്ക് താരം കാലാസിന്റെ വകയായി സെൽഫ് ഗോളും ആതിഥേയരുടെ അക്കൗണ്ടിൽ എത്തി. 24, 62,68 മിനിറ്റുകളിലായിരുന്നു സ്റ്രെർലിംഗിന്റെ ഗോളുകൾ പിറന്നത്. തിങ്കഴാഴ്ച മോണ്ടെനെഗ്രോയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. മോണ്ടെനെഗ്രോ ആദ്യമത്സരത്തിൽ ബർഗേറിയയോട് 1-1ന്റെ സമനിലയിൽ പിരിഞ്ഞിരുന്നു.
ഗ്രൂപ്പ് എച്ചിൽ മോൾഡോവയെ അവരുടെ തട്ടകത്തതിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് കീഴടക്കിയത്. പോഗ്ബയുടെ പാസിൽ നിന്ന് 24-ാം മിനിറ്റിൽ ഇടങ്കാലൻ വോളിയിലൂടെ അന്റോയിൻ ഗ്രിസ്മാൻ ഫ്രാൻസിന്റെ അക്കൗണ്ടിൽ ആദ്യ ഗോൾ എത്തിച്ചു. റാഫേൽ വരാനെ, ഒലിവർ ജിറൗഡ്, കൈലിയൻ എംബാപ്പെ എന്നിവരും ഫ്രാൻസിനായി ലക്ഷ്യം കണ്ടു. 89-ാം മിനിറ്രിൽ ആംബ്രോസാണ് മോൾഡോവയുടെ ആശ്വാസഗോൾ നേടിയത്.
ലോകകപ്പിന് ശേഷം ടീമിൽ തിരിച്ചെത്തിയ ക്രിസ്റ്ര്യാനൊ റൊണാൾഡോയുണ്ടായിട്ടും ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പോർച്ചുഗലിന് വിജയിക്കാനായില്ല. മുൻ യൂറോ ചാമ്പ്യൻമാരെ ഉക്രൈൻ ഗോൾ രഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലിത്വാനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ ലക്സംബർഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.