ആലപ്പുഴ: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്നറിഞ്ഞതോടെ കോടിയേരി ബാലകൃഷ്ണൻ മോഹഭംഗം വന്ന നേതാവായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ കോൺഗ്രസുകാർ ഒന്നടങ്കം അവിടേക്കു പോകുമെന്നും ഇത് മറ്റു മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ വിജയത്തിന് സഹായകമാകുമെന്നുമുള്ള കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കോടിയേരി മനപ്പായസമുണ്ണുകയാണ്. ചുളുവിൽ വിജയിക്കാമെന്ന വിലയിരുത്തൽ കേട്ട് സഹതാപമാണ് തോന്നുന്നത്. തെക്കേ ഇന്ത്യയിലെ കോൺഗ്രസിന്റെ കുതിച്ചുചാട്ടത്തിന് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വഴിതെളിക്കും. രാഹുൽ വരുന്നതോടെ കേരളത്തിലും വലിയ മാറ്റമുണ്ടാകും.ദേശീയതാത്പര്യം തന്നെയാണ് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും രാഹുൽഗാന്ധി മത്സരിക്കുന്നതിൽ നിന്ന് പ്രകടമാകുന്നത്.
കേരളത്തിലെ ഗ്രൂപ്പു പ്രശ്‌നമാണോ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന ചോദ്യത്തിന്, അദ്ദേഹത്തെ അത്രയ്ക്ക് ചെറുതാക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.