sathrukhnan-sinha

പാട്ന: ബീഹാറിലെ 40ൽ 39 മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി, നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി എന്നിവർ സഖ്യമായാണ് ബീഹാറിൽ മത്സരിക്കുന്നത്. എന്നാൽ മുതിർന്ന നേതാവ് ശത്രുഘ്‌നൻ സിൻഹയെ ഒഴിവാക്കിയാണ് എൻ.ഡി.എ പട്ടിക പുറത്തുവിട്ടത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ശത്രുഘ്‌നൻ സിൻഹയുടെ പാട്ന സാഹിബ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണു ബി.ജെ.പി സ്ഥാനാർത്ഥി.

കീർത്തി ആസാദിന്റെ ദർഭംഗയിൽ ഗോപാൽ ഠാക്കൂർ സ്ഥാനാർത്ഥിയാകും. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ നവാഡ സീറ്റിൽ എൽ.ജെ.പി സ്ഥാനാർത്ഥി മത്സരിക്കും. ഗിരിരാജ് സിംഗിന് ബേഗു സരായിലാണ് സീറ്റ് നൽകിയിരിക്കുന്നത്. സാരൻ മണ്ഡലത്തിൽ രാജീവ് പ്രതാപ് റൂ‍ഡിയും മത്സരിക്കും. എൽ.ജെ.പി നേതാവ് റാം വിലാസ് പസ്വാൻ മത്സരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഹാജിപുർ മണ്ഡലത്തിൽ പശുപതി പാരസാണ് എൽ.ജെ.പി സ്ഥാനാർഥി. പസ്വാന്റെ മകൻ ചിരാഗ് പസ്വാൻ സിറ്റിംഗ് സീറ്റായ ജമൂയിയിൽ നിന്ന് ജനവിധി തേടും. ബി.ജെ.പി 17, ജെ.ഡി.യു 17, എൽ.ജെ.പി ആറ് എന്നിങ്ങനെയാണു സീറ്റു വിഭജനം.

ശത്രുഘ്നനൻ സിൻഹ പാർട്ടി വിട്ടേക്കും

സാഹചര്യമെന്തായാലും സിറ്റിംഗ് സീറ്റായ പാട്ന സാഹിബ് മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് ശത്രുഘ്‌നൻ സിൻഹ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്തായതോടെ സിൻഹ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരാൻ സാദ്ധ്യതയുള്ളതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും അമിത് ഷായുടെ ശൈലിയെയും രൂക്ഷഭാഷയിലാണ് ശത്രുഘ്‌നൻ സിൻഹ വിമർശിച്ചിരുന്നത്.

ബീഹാറിൽ ആർ.ജെ.ഡി- കോൺഗ്രസ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ആർ.ജെ.ഡി, കോൺഗ്രസ് , ആർ.എസ്.എൽ.പി, എച്ച്.എ.എം- എസ് എന്നിവർ മഹാസഖ്യമായാണ് മത്സരിക്കുന്നത്.

ബീഹാറിലെ സുപ്രധാന എൻ.ഡി.എ സ്ഥാനാർത്ഥികൾ

പാട്ന സാഹിബ്- രവി ശങ്കർ പ്രസാദ്
ഗിരിരാജ് സിംഗ്- ബേഗു സരായി
ചന്ദൻ കുമാർ- നവാഡ
ചിരാഗ് പാസ്വാൻ- ജാമുയ്
രാംക്രിപാൽ യാദവ്- പാടലീപുത്ര
ആർ.കെ. സിംഗ്- അറാ
അശ്വനി ചൗബെ- ബക്സർ
രാധാമോഹൻ സിംഗ്- ഈസ്റ്റ് ചംബാരൻ
രാജീവ് പ്രതാപ് റൂഡി- സാരൻ