pinrayi-vijayan

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അഖിലേന്ത്യാ തലത്തിൽ ബി.ജെ.പിയെ നേരിടുമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് കേരളത്തിൽ സി.പി.എമ്മിനെതിരായാണ് മത്സരിക്കുന്നത്. അതായത് ബി.ജെ.പി ജയിച്ചാലും വേണ്ടില്ല ഇടതുപക്ഷത്തെ തകർത്താലും മതിയെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇത് ദേശീയ രാഷ്ട്രീയത്തിൽ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് ഒളിച്ചോട്ടമാണെന്ന് വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീർ പറഞ്ഞു. വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനും വ്യക്തമാക്കി.വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എൽ.ഡി.എഫ് ഭയപ്പെടുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ് ഇടത് സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത്. ശക്തമായ മത്സരം തന്നെ നടത്തും. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നുവെന്നത് കോൺഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

അമേത്തി സുരക്ഷിതമല്ലെന്ന് രാഹുൽ മനസിലാക്കി. പരാജയഭീതിയിൽനിന്നുണ്ടായ തീരുമാനമാണിത്. യു.പിയിൽ തോൽവി സമ്മതിച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ടി സിദ്ദിഖിന് വേണ്ടി ഉമ്മൻ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികൾക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ അവിടേയ്ക്ക് സ്ഥാനാർഥിയാകാൻ തീരുമാനിച്ചതെന്നും ഇത് ഉമ്മൻ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്നും കോടിയേരി പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കുന്നത് യു.ഡി.എഫിന് ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.