thushar-

ആലപ്പുഴ: ബി.ഡി.ജെ.എസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കും. എൻ.ഡി.എ സംസ്ഥാന കൺവീനറായ തുഷാർതന്നെ 26ന് തൃശൂരിൽ വാർത്താസമ്മേളനം നടത്തി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും.

ഡൽഹിയിലുള്ള തുഷാർ നാളെ തിരുവനന്തപുരത്ത് എത്തും. അവിടെനിന്ന് ശിവഗിരിയിൽ എത്തി മഹാസമാധിയിലും ശാരദാമഠത്തിലും ദർശനം നടത്തിയ ശേഷം കൊല്ലത്ത് എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്ത് എത്തും. തുടർന്ന് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി അമ്മ പ്രീതി നടേശനിൽ നിന്ന് അനുഗ്രഹം വാങ്ങും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടിയും പിതാവുമായ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്തുപോയി ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരെ കാണും. തുടർന്ന് തൃശൂരിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ ബി.ഡി.ജെ.എസിന്റെ മറ്റ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.