കരുനാഗപ്പള്ളി: വിജ്ഞാനത്തോടൊപ്പം വിവേകവും വളർത്തിയെടുക്കാൻ സാധിക്കാത്തതാണ് പുത്തൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രധാന ന്യൂനതയെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന ചടങ്ങിൽ മൈസൂർ സർവകലാശാലയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അമ്മ.
വിദ്യാഭ്യാസ മേഖലയിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിരിക്കുന്ന ആശയക്കുഴപ്പങ്ങൾ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്. വിജ്ഞാനവും വിവരശേഖരണവും രണ്ടായി കാണുന്നതാണ് ഇതിനു കാരണം. ഇതുമൂലം വിദ്യാഭ്യാസ മൂല്യങ്ങൾ പോലും നഷ്ടപ്പെടുകയാണ്. ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ നിസ്വാർത്ഥമായ സേവനം കൊണ്ടാണ് സമൂഹത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ അമൃതാനന്ദമയി മഠത്തിന് സാധിക്കുന്നത്. അതിനാൽ മൈസൂർ യൂണിവേഴ്സിറ്റി നൽകിയ ആദരവ് വിശ്വാസികളുടെ ആത്മാർത്ഥയ്ക്കും പ്രയത്നത്തിനും മുന്നിൽ സമർപ്പിക്കുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞു.
മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി. ഹേമന്ത കുമാറിൽ നിന്ന് ഓണററി ഡോക്ടറേറ്റ് (ഓണററി ഡോക്ടർ ഒഫ് ലറ്റേഴ്സ്) അമ്മ സ്വീകരിച്ചു.
മാനവസേവ മാധവസേവ എന്ന ആപ്തവാക്യമുൾക്കൊണ്ടുള്ളതാണ് അമൃതാനന്ദമയിയുടെ ജീവിതമെന്നും ഈ ജീവിതം ലോകത്തിനുതന്നെ മാതൃകയാണെന്നും മുഖ്യാതിഥിയായ കേന്ദ്ര സഹമന്ത്രി അശ്വിൻ കുമാർ ചൗബേയ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയിൽ അമൃതാനന്ദമയിമഠം നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള, മൈസൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ലിംഗരാജ ഗാന്ധി, എയിംസ് മേധാവി ഡോ. പ്രേംനായർ തുടങ്ങിയവർ സംസാരിച്ചു.