kisan

ന്യൂഡൽഹി: ചെറുകിട-ഇടത്തരം കർഷകർക്ക് സാമ്പത്തികാശ്വാസം പകരാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ രണ്ടാംഘട്ട തുക വിതരണം അടുത്തമാസം നടക്കും. ഇതിനുള്ള അനുമതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന മാർച്ച് പത്തിന് മുമ്പ് രജിസ്‌‌റ്റർ ചെയ്‌ത 4.74 കോടി കർഷകർക്കാണ് പണം ലഭിക്കുക.

ആദ്യഘട്ടത്തിൽ 2.6 കോടി കർഷകർക്കായി 5,215 കോടി രൂപ കേന്ദ്രസർക്കാർ വിതരണം ചെയ്‌തിരുന്നു. 2,000 രൂപ വീതമാണ് നൽകിയത്. ആദ്യഘട്ടത്തിൽ 2,000 രൂപ ലഭിക്കാത്തവർക്ക്, രണ്ടുഘട്ടങ്ങളിലെയും തുക ചേർത്ത് 4,000 രൂപ ലഭിക്കും. കഴിഞ്ഞ ബഡ്‌ജറ്റിലാണ് കേന്ദ്രസർക്കാർ പി.എം. കിസാൻ പദ്ധതി പ്രഖ്യാപിച്ചത്. കർഷകർക്ക് മൂന്നുഘട്ടമായി, പ്രതിവർഷം 6,000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 75,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. മൊത്തം 12 കോടിപ്പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

നടപ്പുവർഷം വിതരണം ചെയ്യാനായി 20,000 കോടി രൂപ കേന്ദ്രസർക്കാർ നീക്കിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ കേരളത്തിൽ 67.42 കോടി രൂപ വിതരണം ചെയ്‌തിരുന്നു. 3.37 കോടി കർഷകരമാണ് കേരളത്തിൽ നിന്ന് 2,000 രൂപ വീതം കൈപ്പറ്രിയത്. ഉത്തർപ്രദേശിലാണ് ആദ്യഘട്ടത്തിൽ ഏറ്റവുമധികം കർഷകർ കിസാൻ സമ്മാൻ നിധിയിലൂടെ പണം നേടിയത്. മാർച്ച് ഏഴുവരെയുള്ള കണക്കനുസരിച്ച് ഉത്തർപ്രദേശിലെ 74.71 ലക്ഷം കർഷകർ ആദ്യഗഢുവായ 2,​000 രൂപവീതം കൈപ്പറ്റി. ആന്ധ്രാപ്രദേശ് (32.15 ലക്ഷം)​,​ ഗുജറാത്ത് (25.58 ലക്ഷം)​, തെലങ്കാന (14.41 ലക്ഷം), തമിഴ്‌നാട് (14.01 ലക്ഷം), മഹാരാഷ്‌ട്ര (11.55 ലക്ഷം), ഹരിയാന (8.34 ലക്ഷം), അസാം (8.09 ലക്ഷം), ഒഡിഷ (8.07 ലക്ഷം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.