rahul-gandhi

മോസ്റ്റ് എലിജിബിൾ ബാച്ചിലർ! വയസ്സ് 48. കല്യാണം കഴിക്കാൻ തത്‌കാലം ഉദ്ദേശ്യമില്ല. ഒരുപക്ഷേ താൻ വിവാഹം കഴിച്ചേക്കില്ലെന്ന് രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോടു പറഞ്ഞിട്ട് ആറു വർഷം കഴിഞ്ഞു. 2013-ലായിരുന്നു അത്. അതേവർഷം കുറേദൂരെ മറ്റൊന്നു സംഭവിച്ചിരുന്നു. 1933 മുതൽ 73 വരെ അഫ്ഘാൻ രാജാവായിരുന്ന മുഹമ്മദ് സാഹിർ ഷായുടെ കൊച്ചുമകൾ നോയൽ സഹർ രാജകുമാരി വിവാഹിതയായി. വരൻ ഈജിപ്‌ഷ്യൻ രാജകുമാരൻ.

അതും രാഹുലുമായെന്ത് എന്നു ചോദിച്ചാൽ, ഒരിക്കൽ രാഹുലിന്റെ പ്രണയിനിയായിരുന്നു സഹർ രാജകുമാരി. പത്രങ്ങൾ ആ പ്രണയങ്ങളെക്കുറിച്ചെഴുതി. ഒടുവിൽ, വേർപിരിയൽ, വിരഹം... രാഹുൽ വിവാഹം വേണ്ടെന്നുവച്ചത് അക്കാര്യംകൊണ്ടാണോ എന്നത് അവ്യക്തം.

അധികമാരോടും സംസാരിക്കാത്ത പ്രകൃതമെങ്കിലും രാഹുലിന്റെ ഹൃദയത്തിൽ എക്കാലത്തുമുണ്ടായിരുന്നു, ഒരു പ്രണയനായകന്റെ പുഞ്ചിരി. ബ്രിട്ടനിൽ പഠിക്കുന്ന താലത്ത്, കോളേജിലുണ്ടായിരുന്ന വെറോണിക്ക കാർടെല്ലി ആയിരുന്നു രാഹുലിന്റെ പ്രേമഭാജനം. ഇരുവരും ഒന്നിച്ചു പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങൾ പത്രങ്ങൾ പക‌ർത്തി. സ്പെയിൻകാരിയായിരുന്നു വെറോണിക്ക.ഇപ്പോൾ വെനസ്വേലയിൽ ആർക്കിടെക്റ്റ് ആയി സുഖജീവിതം.

ബ്രിട്ടനിലെ പഠനകാലം കഴിഞ്ഞ് നേരെ വീട്ടിലേക്കു വരികയായിരുന്നില്ല, രാഹുൽ. ലണ്ടനിലെ മാനേജ്മെന്റ് കൺസൾട്ടന്റ് കമ്പനിയായ മോൺിറ്റർ ഗ്രൂപ്പിൽ കുറച്ചുനാളത്തെ ജോലി. പിന്നെ, മുംബയിലെത്തി ഒരു ഔട്ട്സോഴ്‌സിംഗ് കമ്പനിക്കു തുടക്കമിട്ടു- ബാക്കപ്‌സ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ്. മൂലധനം 25 ലക്ഷം രൂപ ചില സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നെങ്കിലും, കൂടുതൽ ഓഹരി രാഹുലിന്റെ കൈവശം. ഒടുവിൽ, രാഷ്‌ട്രീയം വിളിച്ചപ്പോൾ എല്ലാം മതിയാക്കി പോന്നു.

പാർട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ രാഹുൽഗാന്ധിയുടെ സ്റ്റാറ്റ്സ് ആദ്യം കർഷകൻ എന്നായിരുന്നു. പിന്നീട് അതു മാറ്റി. സ്ട്രാറ്റജിക് കൺസൾട്ടന്റ്! ഒരു കർഷകന്റെ ശുദ്ധമനസ്സിൽ നിന്ന് തന്ത്രശാലിയായ രാഷ്ട്രീയ നേതാവിലേക്കുള്ള പരിണാമത്തിലാണ് രാഹുൽ.