ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്നലെ ഏഴാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 35 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ് പി.സി.സി. അദ്ധ്യക്ഷൻ രാജ് ബാബർ, മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി, കരൺ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് തുടങ്ങിയവർ ഏഴാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ മൊറാദാബാദിൽ നിന്ന് മത്സരിക്കുമെന്ന് അറിയിച്ചിരുന്ന രാജ് ബാബർ ഫത്തേപ്പുർ സിക്രിയിൽ നിന്ന് മത്സരിക്കും. ഇമ്രാൻ പ്രതാപ് ഗർഹിയയാണ് മൊറാദാബാദിലെ സ്ഥാനാർത്ഥി.
മുൻ കേന്ദ്രമന്ത്രിയായ രേണുക ചൗധരി തെുലങ്കാനയിലെ ഖമ്മത്തിൽ നിന്ന് മത്സരിക്കും. കരൺ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് ജമ്മുകാശ്മീരിലെ ഉധംപുർ മണ്ഡലത്തിലാണ് മത്സരിക്കുക. 35 ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് പുറമെ ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിലെ 54 സ്ഥാനാർത്ഥികളെയും കോൺഗ്രസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.