തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. ഈ വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ ചർച്ചകളും ട്രോളുകളും സജീവമായി. കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിനെയാണ് വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിദ്ദിഖ് പിൻവാങ്ങുകയും രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ കോൺഗ്രസിനെ പിന്തുണച്ചും പരിഹസിച്ചും ട്രോളുകൾ നിറയുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണവും സിദ്ദീഖ് സജീവമായി തുടങ്ങിയതിന് ശേഷമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത്. രാഹുൽ കേരളത്തിൽ മത്സരിച്ചാൽ അത് പാർട്ടിക്ക് ഗുണകരമായിരിക്കുമെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്ത് നിന്നും പിന്മാറുന്നത് തനിക്ക് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പിയിലെ അമേത്തിക്ക് പുറമെയാണ് രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കുന്നത്. 2014ൽ ബി.ജെ.പിയുടെ സ്‌മൃതി ഇറാനിയെ തോൽപ്പിച്ചാണ് രാഹുൽ ഗാന്ധി ലോക്‌സഭയിലെത്തിയത്. ഇത്തവണയും അമേത്തിയിൽ രാഹുലിന്റെ എതിരാളി സ്‌മൃതി ഇറാനി തന്നെയാണ്.