ശ്രീകണ്ഠപുരം (കണ്ണൂർ): തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് നടുവിൽ ആട്ടക്കുളത്തെ മുതിരമല ഷിബുവിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ മകൻ ഗോകുൽ (ഏഴ്), അയൽവാസി ശിവകുമാറിന്റെ മകൻ ഖജൻരാജ് (12) എന്നിവർക്ക് പരിക്കേറ്റു. ഗോകുൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഖജൻരാജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടു പേർക്കും അരയ്ക്കു താഴെയാണ് പരിക്ക്. വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചത്. ഇവിടെ വച്ച് ബോംബുകൾ നിർമ്മിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

വീടിനോട് ചേർന്നുള്ള ചായ്പിൽ വിറകുകൾക്കും മര ഉരുപ്പടികൾക്കുമിടയിൽ സൂക്ഷിച്ച സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. കുട്ടികൾ പക്ഷിക്കൂട് നിർമ്മിക്കുന്നതിനായി മരക്കഷ്ണം വലിച്ചെടുത്തപ്പോൾ താഴെ വീണ ബോംബുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഷിബുവിന്റെ ഭാര്യ ധന്യ ഈ സമയം അടുക്കളയിലായിരുന്നു. അവരും സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളും ചേർന്നാണ് ചോരയിൽ കുളിച്ചു പിടയുന്ന കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി എം. കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും വീട്ടിൽ നടത്തിയ തെരച്ചിലിൽ സ്റ്റീൽ ബോംബ്, 10 വടിവാൾ, സ്റ്റീൽ ദണ്ഡുകൾ, ഒരു മഴു, രണ്ട് കിലോ അലൂമിനിയം ഫോസ് ഫേറ്റ്, ഫ്യൂസ് വയർ, വെടിമരുന്ന് എന്നിവ പിടിച്ചെടുത്തു. കുടിയാന്മല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.