varanasi

വരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാനൊരുങ്ങി 111 തമിഴ് കർഷകർ. കർഷക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ തമിഴ്നാട്ടിലെ കർഷകരാണ് വരാണസിയിൽ മത്സരിക്കുന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരുക എന്നതാണ് തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നതെന്ന് കർഷക നേതാവ് പി. അയ്യക്കണ്ണ് പറഞ്ഞു.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള 111 കർഷകരാണ് മോദിയ്ക്കെതിരെ സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. കാർഷികോത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുക എന്നതടക്കമുള്ള കർഷകരുടെ വിഷയങ്ങൾ എൻ.ഡി.എയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മത്സരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് തയ്യാറായില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും അയ്യക്കണ്ണ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി 300 കർഷകർക്ക് വരാണസിയിലേയ്ക്ക് പോകുന്നതിന് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തതായും അയ്യക്കണ്ണ് വ്യക്തമാക്കി.