പത്തനംതിട്ട : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.
വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുകയാണെങ്കിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രചാരണത്തിന് എത്തണമെന്ന് യെച്ചൂരിയുടെ ഫോട്ടോ പങ്ക് വച്ച് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
രാഹുൽ ഗാന്ധി മത്സരിക്കുന്നെങ്കിൽ ഇടതുമുന്നണി പിന്മാറണമെന്നും മറ്റൊരു പോസ്റ്റിൽ കെ. സുരേന്ദ്രൻ കുറിച്ചു. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് അനുചിതമല്ലേയെന്ന ചോദ്യം ഉയർത്തിയാണ് സുരേന്ദ്രന്റെ പരിഹാസം. കേരളത്തിലേക്ക് രാഹുൽ ഗാന്ധി ചുവട് മാറ്റുന്നത് അമേത്തിയിൽ തോൽക്കുമെന്ന് ഭയന്നാണെന്ന് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാസങ്ങൾക്ക് മുൻപ് തന്നെ ഇതിനെപറ്റി ഫേസ്ബുക്കിൽ താൻ പോസ്റ്റ് ചെയ്തതാണെന്നും എന്നാൽ അന്നതിനെ പരിഹസിച്ചവരായിരുന്നു എതിർപക്ഷത്തുള്ളവരെന്നും സുരേന്ദ്രൻ പറയുന്നു.