കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ധാരണ ഉണ്ടാക്കിയതിന് ശേഷമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തർപ്രദേശിൽ ഒരിടത്തും കോൺഗ്രസ് ജയിക്കില്ലെന്ന് ഉറപ്പായത്കൊണ്ടാണ് വയനാട്ടിൽ എത്തുന്നത്.
കോൺഗ്രസ് ഉത്തരേന്ത്യയിൽ തകർന്നടിയുമ്പോൾ നേതാക്കൾ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ എത്താറുണ്ട്. ഇത്തവണയും അങ്ങനെ സംഭവിക്കും. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അമേഠിയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ തിരസ്കരിക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. വയനാട്ടിൽ മത്സരിച്ചാലും ഞങ്ങൾ പോരാടി ജയിക്കും. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാൻ തന്നെ വിജയിപ്പിക്കണമെന്നാണ് പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി പി.വി അൻവർ വോട്ടർമാരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സി.പി.എമ്മും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ജനങ്ങളോട് പറയണം. അല്ലാതെ മാർജ്ജാര സ്വഭാവം കാണിക്കുകയല്ല വേണ്ടത്.
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ ചരിത്രവിജയം നേടും. താൻ ഉൾപ്പെടെയുള്ള അഞ്ചംഗ സമിതിയാണ് കെ.സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത് - അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി. പി ജയചന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.