യൂഡൽഹി: ഗുഡ്ഗാവിൽ മുസ്ലിം കുടുംബത്തെ ആൾക്കൂട്ടം മർദ്ദിച്ച് അവശരാക്കി. ഇവരുടെ വീടിനു നേരെ അക്രമിസംഘം കല്ലെറിയുകയും ചെയ്തു. ഹോളി ദിവസമായ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാഗ്വാദമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ നടന്നത് ആസൂത്രിത ആക്രമണമായിരുന്നെന്നാണ് കുടുംബം പറയുന്നത്. പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ചാണ് നാല്പതിലധികം പേരടങ്ങിയ സംഘം ഇവർക്കുനേരെ അക്രമം അഴിച്ചുവിട്ടത്. 15 അംഗ കൂട്ടുകുടുംബത്തിലെ അഞ്ച് കുട്ടികൾക്കളെ അടക്കമാണ് മർദ്ദിച്ചത്. ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ കുടുംബത്തിലെ ചില അംഗങ്ങൾ ഭൂപ് സിംഗ് നഗറിലെ വീടിനു പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ സമയം ഏഴോളം പേരടങ്ങുന്ന സംഘം അവിടെയെത്തി തെരുവിൽ ക്രിക്കറ്റ് കളിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ കളി നിറുത്താൻ അവർ തയ്യാറായില്ല. തുടർന്ന് നാല്പതോളം പേരുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു.