governer

തൃശൂർ: ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകർ കേരളത്തിലുണ്ടെന്ന റിപ്പോർട്ട് ആശങ്ക ഉണർത്തുന്നതാണെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. തൃശൂർ ബാർ അസോസിയേഷൻ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലുണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകൾ പരിഹരിക്കാൻ ബാർ അസോസിയേഷനുകൾ ശ്രദ്ധിക്കണം. നിയമജ്ഞരെന്ന നിലയിൽ വിശ്വാസ്യത നിലനിറുത്താൻ അഭിഭാഷകർ ശ്രദ്ധിക്കണം. നൂറുകണക്കിന് യുവ അഭിഭാഷകരാണ് എല്ലാ വർഷവും കടന്നുവരുന്നത്. ഇവർക്ക് നിയമവ്യവസ്ഥയിൽ പാലിക്കേണ്ട ശരിയായ പെരുമാറ്റവും പ്രകടനവുമൊക്കെ ബോദ്ധ്യപ്പെടാൻ കൂടുതൽ സമയം ചെലവഴിക്കണമെന്നും ഗവർണർ പറഞ്ഞു.
ഹൈക്കോടതി ജഡ്‌ജ് വി. ചിദംബരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെഷൻസ് ജഡ്ജ് സോഫി തോമസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എം. തോമസ് രാജ്, ഗവ. പ്ലീഡർ കെ.ഡി. ബാബു, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി. മോഹൻദാസ്, എം. രാമൻകുട്ടി, ആന്റണി പല്ലിശേരി, എം. ഹരിദാസ്, സി.കെ. കുഞ്ഞിപ്പൊറിഞ്ചു തുടങ്ങിയവർ പ്രസംഗിച്ചു.