rahul-gandhi-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യത്തെ പിന്തുണച്ച് അമേത്തിയിലെ കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധി തെക്കേ ഇന്ത്യയിൽ മത്സരിക്കണമെന്ന് അമേത്തി കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തെക്കേ ഇന്ത്യയിൽ മത്സരിക്കണമെന്ന നിർദ്ദേശം രാഹുൽ സ്വീകരിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

അമേത്തിക്ക് പുറമെ വയനാട് മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുലിന് മുന്നിലും ഹൈക്കമാൻഡിന് മുന്നിലും വച്ചിരുന്നു. രാഹുലിനെ ഔദ്യോഗികമായി കെ.പി.സി.സി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്ഥിരീകരിച്ചു. വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണയായ ടി.സിദ്ധീഖ് താൻ പിന്മാറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു.