മുക്കം: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സജീവ ചർച്ചയായതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ആസ്ഥാനമായ മുക്കത്ത് യു.ഡി.എഫ് കൺവെൻഷനും വൻ പ്രകടനവും നടത്തി. രാഹുലിനെ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന ബാനറുമായാണ് നൂറു കണക്കിന് പേർ പ്രകടനം നടത്തിയത്. ടി സിദ്ദിഖിനെ ചുമലിലെടുത്ത് ആവേശം പ്രകടമാക്കുകയും ചെയ്തു.
സിദ്ദിഖിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് യോഗം ചേർന്ന ഐ ഗ്രൂപ്പ് നേതാക്കളടക്കം വലിയ ആവേശത്തോടെയാണ് ഇന്നലെ കൺവെൻഷനിൽ പങ്കെടുത്തത്.
വയനാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ നിന്നായി പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുക്കാനെത്തി. രാഹുൽ ഗാന്ധിയുടെ പേരുച്ചരിച്ചപ്പോഴെല്ലാം ആവേശം അലയടിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയെയാണ് ഇവിടെ കിട്ടിയതെന്ന് ഓരോ പ്രാസംഗികരും ആവർത്തിച്ചു.
ഇന്നലെ ഉച്ച വരെ സ്ഥാനാർത്ഥിയായി പ്രചാരണം നടത്തിയ ടി.സിദ്ദിഖ് തന്നെ കൺവൻഷനിൽ അദ്ധ്യക്ഷത വഹിക്കുകയും രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്ത് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഭാവി പ്രധാനമന്ത്രി വയനാട്ടിൽ മത്സരിക്കുന്നത് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ധന്യമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് കടന്നുവരുമ്പോൾ ചരിത്രം വഴിമാറുമെന്ന് മുനീർ പറഞ്ഞു. ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ, വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണൻ, കെ.എം. ഷാജി, പി.കെ. ബഷീർ, കെ.എം. അഭിജിത്ത്, ആര്യാടൻ ഷൗക്കത്ത്, പി.ശങ്കരൻ തുടങ്ങിയവരും സംസാരിച്ചു.