വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മുതൽ തനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണം നടക്കുന്നതായി സി.പി.എം നേതാവ് പി.ജയരാജൻ. ഇതുവരെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവർ പോലും എന്നെ അറിയുന്നയാളെന്നോണം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു. .
ഒരു കമ്യുണിസ്റ്റിന്റെ ജീവിതം പരവതാനി വിരിച്ചതാവില്ലെന്ന ബോധ്യമുള്ളതിനാൽ ഇതുവരെ ഇതിനൊന്നും ഒരു മറുപടിയും നൽകാൻ ഞാൻ തയ്യാറായിട്ടില്ല. എന്നാൽ എന്നെ വിമർശിക്കുന്നവർ സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും വസ്തുത അന്വേഷിക്കണമെന്ന് ജയരാജൻ അഭ്യർത്ഥിച്ചു.
1999 ൽ ഇതുപോലൊരു ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടിൽ ഓം കാളി വിളികളുമായെത്തിയ ആർ.എസ്.എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്.എന്റെ ഇടത് കൈയ്യിലെ പെരുവിരൽ അവർ അറുത്തെടുത്തു.വലതു കൈ വെട്ടിപ്പിളർന്നു.എന്റെ നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി.എന്നാൽ എന്റെ പാർട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് ഞാനിന്നും ജീവിച്ചിരിക്കുന്നു.
ഒരു കാലത്ത് വർഗൂയ ഫാസിസ്റ്റുകൾ ആയുധങ്ങൾ കൊണ്ടാണ് വേട്ടയാടിയത് എങ്കിൽ പിൽക്കാലത്ത് യു.ഡി.എഫ് ഗവണ്മെന്റ് കേസുകളിൽ കുടുക്കി തളച്ചിടാനാണ് ശ്രമിച്ചത്. അന്ന് ജീവനെടുക്കാൻ സാധിക്കാത്തവർ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളർത്താൻ സാധിക്കുമോ എന്ന് നിരന്തരം ശ്രമിക്കുകയാണെന്നും ജയരാജൻ പറയുന്നു. കോൺഗ്രസും ബി.ജെ.പിയും എന്തൊക്കെ കള്ള പ്രചാരണങ്ങൾ നടത്തിയാലും അതെല്ലാം വോട്ടർമാർ പരിഹസിച്ച് തള്ളുമെന്നും ജയരാജൻ കുറിച്ചു.