ipl

ഐ.പി.എൽ പന്ത്രണ്ടാം സീസൺ: ആദ്യ ജയം ചെന്നൈയ്ക്ക്

ബാംഗ്ലൂരിനെ 7 വിക്കറ്രിന് കീഴടക്കി

ഹർഭജൻ സിംഗ് മാൻ ഒഫ് ദമാച്ച്

ചെന്നൈ: ഐ.പി.എൽ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്രിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കീഴടക്കി. പരിചയ സമ്പന്നരായ ഹർഭജൻ സിംഗും ഇമ്രാൻ താഹിറും രവീന്ദ്ര ജഡേജയുമൊരുക്കിയ സ്പിൻ കെണിയിൽ വീണുപോയ ബാംഗ്ലൂർ 17.1 ഓവറിൽ 70 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (71/3)​. നായകൻ വിരാട് കൊഹ്‌ലിയുടെയുൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിംഗാണ് മാൻ ഒഫ് ദ മാച്ച്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിരയിൽ ഓപ്പണറായിറങ്ങി പത്താമനായി പുറത്തായ പാർത്ഥിവ് പട്ടേലിന് (26) മാത്രമാണ് രണ്ടക്കം കാണാനായത്.

ദീപക്ക് ചാഹറിനൊപ്പം ചെന്നൈ ബൗളിംഗ് ഓപ്പൺ ചെയ്ത ഹർഭജൻ സിംഗാണ് ആതിഥേയർക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ഓപ്പണറായിറങ്ങിയ ക്യാപ്ടൻ വിരാട് കൊഹ്‌ലിയെ (6) ജഡേജയുടെ കൈയിൽ എത്തിച്ച് ഹർഭജൻ സിംഗ് ബാംഗ്ലൂരിന്റെ തകർച്ചയ്ക്ക് തുടക്കമിടുകയായിരുന്നു. പഞ്ച് ഹിറ്രർ മോയിൻ അലിയും (9) ഹർഭജന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അധികം വൈകാതെ വെടിക്കെട്ട് വീരൻ എ ബി ഡിവില്ലിയേഴ്സിനെയും (9) ജഡേജയുടെ കൈയിൽഎത്തിച്ച് ഹർഭജൻ ബാംഗ്ലൂരിനെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു. പ്രതീക്ഷയോടെ എത്തിയ ഹെറ്റ്മേയറെ (0) റയ്നയും ധോണിയും കൂടി റണ്ണൗട്ടാക്കി. ബാക്കിയള്ളവരെ താഹിറും ജഡേജയും ബ്രാവോയും കൂടെ പറഞ്ഞു വിട്ടതോടെ ബാംഗ്ലൂർ 70 റൺസിൽ ഒതുങ്ങുകയായിരുന്നു.

തുടർന്ന് ബാറ്രിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഷെയ്ൻ വാട്സണിനെ (0)​ തുടക്കത്തിലേ നഷ്ടമായി. യൂസ്‌വേന്ദ്ര ചഹാൽ വാട്സണിനെ ക്ലീൻബൗൾഡാക്കുമ്പോൾ ചെന്നൈയുടെ അക്കൗണ്ടിൽ 8 റൺസേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ക്രീസിൽ ഒന്നിച്ച അമ്പാട്ടി റായ്ഡുവും (28)​,​ സുരേഷ് റെയ്‌നയും (19)​ ചെന്നൈയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കേദാർ ജാദവും (13)​,​ രവീന്ദ്ര ജഡേജയും (6)​ ചെന്നൈയെ വിജയലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ചഹാലിനെക്കൂടാതെ മോയിൻ അലിയും സിറാജും ഒരു വിക്കറ്റ് വീതം നേടി.

റെയ്ന @5000

ഐ.പി.എല്ലിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി റെയ്ന.ഇന്നലെ 15 റൺസ് നേടിയതോടെയാണ് റെയ്ന അയ്യായിരത്തിൽ എത്തി.

സൈന്യത്തിന് ഇരുപത് കോടി

പു​ൽ​വാ​മ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഐ.​പി.​എ​ല്ലി​ന് ​ഇ​ത്ത​വ​ണ​ ​വ​ർ​ണാ​ഭ​മാ​യ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ​ഉ​ണ്ടാ​യിരുന്നി​ല്ല.​ ഉദ്ഘാടനച്ചടങ്ങിന് വേണ്ടിവരുന്ന ഇരുപത് കോടിരൂപ സൈന്യത്തിന് കൈമാറി. 11കോടി ഇന്ത്യൻ ആർമിക്കും 7 കോടി സി.ആർ.പി.എഫിനും ഓരോ കോടി വീതം വ്യോമസേനയ്ക്കും നാവിക സേനയ്ക്കും നൽകുകയാണെന്ന് ഐ.പി.എൽ ഭരണസമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.