kannanthanam

ആലുവ: എറണാകുളം സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായി അൽഫോൺസ് കണ്ണന്താനം വോട്ട് അഭ്യർത്ഥിച്ച് എത്തിയത് ചാലക്കുടി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ ആലുവയിൽ. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവയിൽ ബസിൽ എത്തിയാണ് കണ്ണന്താനം ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചത്.

എന്നാൽ ആലുവ ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമാണെന്ന കാര്യം പ്രവർത്തകർ ഒാർമ്മിപ്പിച്ചതിന് തുടർന്നാണ് കണ്ണന്താനത്തിന് അബദ്ധം മനസിലാകുന്നത്. തുടർന്ന് കാറിൽ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിലെ സ്വീകരണം കഴിഞ്ഞതിന് ശേഷം അൽഫോസ് കണ്ണന്താനം വോട്ടഭ്യർത്ഥന തുടർന്നിരുന്നു. വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാനെത്തിയവരുടെ ബന്ധുക്കളോടും സുഹ‌ൃത്തുക്കളോടും കണ്ണന്താനം വോട്ട് ചോദിച്ചു.

എന്നാൽ മിക്കവരും എറണാകുളത്തുകാരല്ലെന്ന് മനസിലായതോടെ കണ്ണന്താനം വോട്ടഭ്യർത്ഥന മാറ്റിപ്പിടിച്ച് പ്രാർത്ഥിക്കണമെന്ന് തിരുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് കെ.എസ്.ആർ.ടി.സി.എസി ലോ ഫ്ലോർ ബസിൽ ആലുവയ്ക്ക് മന്ത്രി തിരിച്ചത്. ബസിനുള്ളിലും മന്ത്രി വോട്ടഭ്യർഥന തുടർന്നിരുന്നു. ബസിൽ ആലുവയിലെത്തിയ കണ്ണന്താനം കാണുന്നവരോടെല്ലാം വോട്ടഭ്യർത്ഥിക്കുകയായിരുന്നു.

അപ്പോഴാണ് മണ്ഡലം മാറിയ കാര്യം പ്രവർത്തകർ ഒാർമ്മിപ്പിക്കുന്നത്. ഉടനെ തന്നെ കാറിൽ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. എറണാകുളം തന്റെ രണ്ടാം വീടാണെന്നും അതുകൊണ്ട് തന്നെ വിജയം ഉറപ്പാണെന്നും പ്രചരണത്തിനിടെ കണ്ണന്താനം പറഞ്ഞു.