rahul-

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയയെും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയെയും വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി കള്ളങ്ങൾ പറയുന്ന ആളും മമത വാഗ്ദാനങ്ങൾ പാലിക്കാത്തയാളുമാണെന്ന് രാഹുൽ ആരോപിച്ചു. വടക്കൻ മാൾഡയിലെ ചഞ്ചലിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ ഭരണം നടത്തുന്നത് ഒരേയൊരാളാണ്. അവർ ആരോടും സംസാരിക്കുകയോ ആരുടെയും നിർദേശങ്ങൾ കൈക്കൊള്ളുകയോ ചെയ്യില്ല. അവരുടെ ഇഷ്ടത്തിനാണു കാര്യങ്ങൾ നടക്കുന്നത്. ഒരു സംസ്ഥാനം മുഴുവൻ ഒരാളുടെ കാൽക്കീഴിൽ ആകുന്നത് അംഗീകരിക്കാമോയെന്നും രാഹുൽ ചോദിച്ചു.

കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന നോർത്ത് ബംഗാൾ‌ എം.പി മൗസം ബേനസീർ നൂറിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. പാർട്ടിയെ വഞ്ചിച്ച ആളാണ് മൗസം. എന്നാൽ ഇതു കോൺഗ്രസ് കോട്ടയാണ്. ബംഗാളിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടു പ്രവർത്തിക്കാൻ സാധിക്കില്ലെന്നു അവർക്ക് കാണിച്ചുകൊടുക്കേണ്ടതു ജനങ്ങളുടെ ചുമതലയാണെന്ന് രാഹുൽ പറഞ്ഞു.

നിരവധി വർഷങ്ങൾ ഇടതുപക്ഷം തുടർച്ചയായി ഭരിച്ചശേഷമാണ് മമതാ സർക്കാർ അധികാരമേറ്റത്. എന്നാൽ അന്ന് അവർ ആരോപിച്ച പ്രശ്നങ്ങൾ ഇന്നും അതുപോലെ തന്നെ തുടരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരെ സർക്കാർ നിരന്തരമായി ആക്രമിക്കുകയാണ്. എന്നാൽ ആശയപരമായ പോരാട്ടം ഇനിയും തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.