തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതിനെ പരിഹസിച്ച് ബി.ജെ.പി ആറ്റിങ്ങൾ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിനെയായയിരുന്നു വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിദ്ദിഖ് പിൻവാങ്ങുകയും രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് പ്രവർത്തകർ രാജ്യത്തെ അടുത്ത പ്രധാനമന്ത്രി എന്ന് ഉയർത്തിക്കാട്ടിയാണ് രാഹുലിനെ അമേത്തിക്ക് പുറമെ വയനാട്ടിൽ മത്സരിപ്പിക്കുന്നത്,
ഇതിനെയാണ് ശോഭ സുരേന്ദ്രൻ പരിഹസിക്കുന്നത്. അങ്കമാലിയിലെ പ്രധാനമന്ത്രിയെന്ന് രേവതി പറയുമ്പോലെയാണ് വയനാടിന്റെ പ്രധാനമന്ത്രിയെന്നൊക്കെ കോൺഗ്രസ്സുകാർ തട്ടി വിടുന്നതെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. ഹരിത കുങ്കുമ പതാക കേരളത്തിലുൾപ്പടെ ഉയർന്നു നിക്കുമന്നും ശോഭ സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഇടതുപക്ഷത്തിനെതിരെയും ശോഭ സുരേന്ദ്രൻ തുറന്നടിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റ പൂർണരൂപം
അങ്കമാലിയിലെ പ്രധാനമന്ത്രിയെന്ന് രേവതി പറയുമ്പോലെയാണ് വയനാടിന്റെ പ്രധാനമന്ത്രിയെന്നൊക്കെ കോൺഗ്രസ്സ്കാർ തട്ടി വിടുന്നത്. ഇന്ത്യയുടെ ഭൂപടം ഇടയ്ക്കെങ്കിലും എടുത്തു നോക്കുന്നത് നന്നായിരിക്കും. ഹരിത കുങ്കുമ പതാക കേരളത്തിലുൾപ്പടെ ഉയർന്നു നിക്കും. ചിക്കമംഗ്ലൂരുവും ബെല്ലാരിയും ചരിത്രം പൊക്കിയെടുത്തു വരുന്നവരോട് ഒന്നേ പറയാനുള്ളൂ, മറ്റ് മണ്ഡലങ്ങളിലെ ഓർമ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ ഫോറെവർ ഭാവി പ്രധാനമന്ത്രി വിശേഷണം കല്ലത്താക്കരുത്.