ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. എ.ഐ.സി.സിയിൽ ഇതു സംബന്ധിച്ച് ഭിന്നാഭിപ്രായം ഉള്ളതായി സൂചന. അതിനാൽ വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ല. തീരുമാനം നാളെയോ മറ്റന്നാളോ മാത്രമേ ഉണ്ടാകൂ. വയനാട്ടിൽ ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സന്ദേശമാവില്ലെന്ന് ചില നേതാക്കൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കൂടിയാലോചനകൾ തുടരുന്നതായി നേതാക്കൾ അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമതീരുമാനം വൈകിട്ടോടെ ഉണ്ടാവും എന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നേരത്തെ പറഞ്ഞിരുന്നു.
പശ്ചിമബംഗാളിൽ പ്രചാരണത്തിന് പോയ രാഹുൽ തിരിച്ചെത്തിയാൽ ഉടൻ വയനാട് സീറ്റിന്റെ കാര്യത്തിൽ
അന്തിമതീരുമാനം എടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിഭിന്ന അഭിപ്രായം ഉണ്ടായി എന്നാണ് ഇപ്പോൾപുറത്തു വരുന്ന വിവരം. ഇക്കാര്യത്തിൽ നാളെയോ മറ്റന്നാളോ കോൺഗ്രസ് അദ്ധ്യക്ഷൻ അന്തിമതീരുമാനം എടുക്കും.