തൃശൂർ : കേരളത്തിൽ ബി.ജെ.പിയും ഇടതുവലതു മുമൃന്നണികളും എല്ലാമണ്ഡലങ്ങളിലും , വയനാടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്തകൾക്കിടയിലും സ്ഥാാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ചൂട് തുടങ്ങിക്കഴിഞ്ഞു. അനിശ്ചിതത്വത്തിനൊടുവിൽ പത്തനംതിട്ട സീറ്റിൽ കെ.സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകും എന്ന പ്രഖ്യാപിച്ചതോടെ അവിടെയും പ്രചാരണത്തിന് ആക്കം കൂടി.
എന്നാൽ ഏറെനാളത്തെ ചർച്ചകൾക്ക് ശേഷം നേടിയെടുത്ത തൃശൂരിലടക്കം ഒരു സീറ്റിലും ബി.ഡി.ജെ.എസ് ഇതുവരെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം
ബി.ജെ.പിയ്ക്ക് കേരളത്തിൽ ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ശബരിമല സമരം തിരഞ്ഞെുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിങ്ങനെ മൂന്ന് സീറ്റുകളാണ് ഇത്തവണ കേരളത്തിൽ ബി.ജെ.പി പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല. പലതവണയായി വഴുതിപ്പോയ മണ്ഡലത്തിൽ ഇത്തവണ കുമ്മനം രാജശേഖരന്റെ വിജയം സുനിശ്ചിതമാണെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. കോൺഗ്രസിന്റെ ശശി തരൂർ മികച്ച സ്ഥാനാർത്ഥിയാണെങ്കിലും ഇടതുമുന്നണി വോട്ടുമറിച്ചില്ലെങ്കിൽ കുമ്മനത്തിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെടുന്നു.
തിരുവനന്തപുരം കഴിഞ്ഞാൽ ബി.ജെ.പി ഏറ്റവും കൂടുതൽ സാദ്ധ്യത കല്പ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം ഏറ്റവും ശക്തമായ മണ്ഡലം എന്നതാണ് പത്തനംതിട്ടയിൽ ബി.ജെ.പിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ശബരിമല സമരത്തിലൂടെ ലഭിച്ച ജനപിന്തുണയും വോട്ടാക്കിമാറ്റാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
തൃശൂരിൽ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. തൃശൂരിൽ മത്സരിക്കാൻ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം തൃശൂരിൽ മത്സരിക്കാനായി ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഉപാധികൾവച്ചുവെന്ന വാർത്തകൾ തുഷാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിച്ചു