വരുംവരായ്കകളെക്കുറിച്ച് ഓർക്കാതെയോ, മലയാളമാദ്ധ്യമങ്ങളുടെ പൊതുരീതിയിൽ നിന്ന് വിഭിന്നമാണെന്ന് അറിയാതെയോ അല്ല കേരളകൗമുദിക്ക് അനുയോജ്യം രാഷ്ട്രീയ നിഷ്പക്ഷതയാണെന്ന് തീരുമാനിച്ചത്. രാഷ്ട്രീയത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളിൽ നിലകൊള്ളുന്ന മാന്യവായനക്കാരോട് നീതി പുലർത്തുകയെന്ന ലക്ഷ്യത്തോടെ ഈ തീരുമാനം കൈക്കൊള്ളുകയായിരുന്നു.ഒരു മാദ്ധ്യമത്തിന് രണ്ട് രീതിയിൽ നിഷ്പക്ഷത പ്രകടിപ്പിക്കാം. എല്ലാ രാഷ്ട്രീയകക്ഷികളെയും നിസംഗതയോടെ കാണുന്നതാണ് ഒരു രീതി. രണ്ടാമത്തെ രീതി, എല്ലാ രാഷ്ട്രീയകക്ഷികളെയും ആഴത്തിൽ കാണുകയും അവതരിപ്പിക്കുകയുമാണ്. മലയാളികളിൽ ഭൂരിഭാഗം പേർക്കും രാഷ്ട്രീയം ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയതിനാൽ ആദ്യരീതി പ്രായോഗികമല്ല. രാഷ്ട്രീയ അന്തർധാരകൾ വരെ തുറന്നുകാട്ടും വിധം നിഷ്പക്ഷനിലപാട് സ്വീകരിക്കുമ്പോഴാകട്ടെ, പൊതുവെ കരുതുന്നതിലും സങ്കീർണ്ണമാണ് നേരിടേണ്ട വെല്ലുവിളി.
മതത്തിന് അഭിപ്രായമെന്നും അർത്ഥമുണ്ട്. ഫലത്തിൽ മതവിശ്വാസം പോലെയാണ് രാഷ്ട്രീയവിശ്വാസവും. അഭിപ്രായമോ വിശ്വാസമോ ഒരു പരിധി കഴിഞ്ഞാൽ അസഹിഷ്ണുത ഉടലെടുക്കുക സ്വാഭാവികമാണ്. പ്രതിയോഗികളെ അന്ധമായ വിദ്വേഷത്തോടെ വീക്ഷിക്കുന്നതാണ് അനന്തരഫലം. പ്രതിയോഗികളെക്കുറിച്ച് നല്ലത് എന്തെങ്കിലും കേട്ടാലോ അറിഞ്ഞാലോ പോലും വിദ്വേഷം തോന്നും. രാഷ്ട്രീയനിഷ്പക്ഷത പുലർത്തുന്ന ഒരു ദിനപത്രം നേരിടുന്ന വെല്ലുവിളി യാഥാർത്ഥ്യത്തിന്റെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
കർണാടകത്തിലെ മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരെ ഒരു മാദ്ധ്യമത്തിൽ വന്ന വാർത്തയെ ആധാരമാക്കി കോൺഗ്രസ് ഉന്നയിച്ച 1800 കോടിയുടെ കോഴ ആരോപണമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസം. തെളിവായി അവതരിപ്പിക്കപ്പെട്ട രേഖയിലെ യെദിയൂരപ്പയുടെ കൈയക്ഷരവും ഒപ്പും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ആരോപണം നിഷേധിക്കുകയുമുണ്ടായി. നിജസ്ഥിതി എന്താണെന്ന് ഒട്ടും വ്യക്തമല്ലെന്നിരിക്കെ, കോൺഗ്രസിന്റെ ആരോപണവും ബി.ജെ.പിയുടെ നിഷേധപ്രസ്താവനയും തുല്യപ്രാധാന്യത്തോടെ അവതരിപ്പിക്കാനേ രാഷ്ട്രീയനിഷ്പക്ഷത പുലർത്തുന്ന ഒരു മാദ്ധ്യമത്തിന് സാധിക്കൂ. ബി.ജെ.പിയുടെ നിഷേധപ്രസ്താവന തുല്യപ്രാധാന്യത്തോടെ നൽകിയത് കോൺഗ്രസിന്റെയോ ഇടതുമുന്നണിയുടെയോ പ്രവർത്തകർക്കോ, കോൺഗ്രസിന്റെ ആരോപണം പ്രാധാന്യത്തോടെ നൽകിയത് ബി.ജെ.പി പ്രവർത്തകർക്കോ ഇഷ്ടപ്പെടുമോ ? ഇല്ല. ഇതാണ് രാഷ്ട്രീയനിഷ്പക്ഷത പുലർത്തുമ്പോഴുള്ള വെല്ലുവിളി.
ഏതെങ്കിലും ഒരു രാഷ്ട്രീയചേരിയോട് ചായ്വും കൂറും പ്രകടമാക്കുന്ന ഒരു പത്രത്തിന് ഈ വെല്ലുവിളി നേരിടേണ്ടി വരില്ല. കാരണം, ആ ചേരിയോട് വിശ്വാസം പുലർത്തുന്നവരായിരിക്കും വായനക്കാരിൽ ഭൂരിഭാഗവും. അവർക്ക് ഒരു പരാതിയും കാണില്ല. അല്ലാത്തവരും കാണും വായനക്കാരിൽ. രാഷ്ട്രീയവിശ്വാസികളല്ലാത്ത അവരെ കബളിപ്പിക്കാൻ നിഷ്പക്ഷതയുടെ നേരിയ ഒരു മൂടുപടം മതി. കാപട്യം പരിചയമില്ലാത്തവർക്ക് ഈ മൂടുപടം തിരിച്ചറിയാനേ കഴിയുകയില്ല. ലോകത്തെമ്പാടും മാദ്ധ്യമങ്ങൾ ഈ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ പ്രമുഖപത്രങ്ങളുടെ രാഷ്ട്രീയചായ്വ് ഒരു രഹസ്യമല്ലതാനും.
ഒരു ഗണിതക്രിയയുടെ ഉത്തരം പോലെ കൃത്യമായ ഒരു രൂപത്തിലായിരിക്കില്ല ഒരു രാഷ്ടീയ സംഭവവികാസത്തിന്റെ പ്രതിഫലനം. ഈ സാദ്ധ്യതയാണ് രാഷ്ട്രീയ ചായ്വ് പ്രകടിപ്പിച്ചുകൊണ്ട് നിഷ്പക്ഷതയുടെ മൂടുപടം ധരിക്കുമ്പോൾ പ്രയോജനപ്പെടുത്തുക. വാക്കുകളിൽ വരെയുണ്ടാവും ചായ്വും ചരിവും. ഈ ചായ്വ് ആഗ്രഹിക്കുന്നവർക്ക് ലഭിക്കുക മിഥ്യാസംതൃപ്തിയാണ്. അതിന് ആയുസ് അധികമുണ്ടാവില്ല. സംസ്ഥാന നിയമസഭയിലേക്ക് നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ പ്രതിഭാസം കണ്ടതാണ്. യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന മാദ്ധ്യമസൂചനകളിൽ വിശ്വസിച്ച് മിഥ്യാസംതൃപ്തി അനുഭവിച്ച എത്രയോ പേരുണ്ട്! പക്ഷേ, ആ മാദ്ധ്യമസൂചനകൾക്ക് തികച്ചും വിരുദ്ധമായിരുന്നു ജനവിധി. നിഷ്പക്ഷത പുലർത്തുമ്പോൾ വായനക്കാർക്ക് മിഥ്യാസംതൃപ്തി ലഭ്യമാക്കാൻ സാധിക്കാതെ വരും. രാഷ്ട്രീയവാർത്തകളിൽ സത്യമാണ് ശിവവും ( മംഗളകരം) സുന്ദരവുമെന്ന് വിശ്വസിച്ചാലാവട്ടെ, മിഥ്യാസംതൃപ്തിക്ക് ഇടം നൽകാനാവില്ല.
രാജ്യം വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഒരു മതത്തിനും എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കാത്തത് പോലെ, ഒരു രാഷ്ട്രീയസിദ്ധാന്തത്തിനും എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ അസഹിഷ്ണുത മാറുമെന്ന് ഉറപ്പാണ്. അഭിപ്രായവും കാഴ്ചപ്പാടും മുഖപ്രസംഗങ്ങളിലൂടെ പ്രകടിപ്പിക്കുകയും വാർത്തകളിൽ നിഷ്പക്ഷത പാലിക്കുകയും ചെയ്യുന്ന കേരളകൗമുദിയുടെ ശൈലിയെ പ്രബുദ്ധരായ എല്ലാ വായനക്കാരും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
ദീപുരവി
ചീഫ് എഡിറ്റർ