തിരുവനന്തപുരം: വയനാട് മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച് ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. ഉത്തർപ്രദേശ് ഉൾപ്പെടെ ഹിന്ദി ഹൃദയ ഭൂമിയിൽ ഒരിടത്തു പോലും ഒരു ഉറച്ച മണ്ഡലം രാഹുൽ ഗാന്ധിയ്ക്ക് ഉറപ്പിക്കാനാകാത്ത ഗതികേട് മാത്രമാണ് വയനാടേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ സൂചനയെന്നും റഹിം ഫേസ്ബുക്കിൽ കുറിച്ചു.
വയനാടിന്റെ ഇന്നത്തെ സാഹചര്യം അനുസരിച്ച് "കുറ്റിച്ചൂലുകൾ" വിജയിക്കുന്ന കാലം കഴിഞ്ഞു. മണ്ഡലത്തിൽ ഇടതുപക്ഷത്തിനുള്ള മേൽക്കെെ കൂടുതലാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളിൽ മാത്രമായിരുന്നു ഷാനവാസിന് കാര്യമായ പിന്തുണ ലഭിച്ചതെന്നും റഹിം വ്യക്തമാക്കി.
രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വണ്ടി കയറുന്നത് മുസ്ലിം ലീഗിന്റെ കാരുണ്യം തേടിയാണ്. രാഹുൽ ഗാന്ധി വയനാട്ടിലേക്കല്ല, മറിച്ച് നെഹ്‌റുവിലേക്കാണ് സഞ്ചരിക്കേണ്ടതെന്നും എ.എ റഹിം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വയനാട്ടിലേക്കല്ല,
നെഹ്‌റുവിലേക്കാണ് രാഹുൽ സഞ്ചരിക്കേണ്ടത്.
ഉത്തർപ്രദേശ് ഉൾപ്പെടെ ഹിന്ദി ഹൃദയ ഭൂമിയിൽ ഒരിടത്തു പോലും ഒരു ഉറച്ച മണ്ഡലം രാഹുൽ ഗാന്ധിയ്ക്ക് ഉറപ്പിക്കാനാകാത്ത ഗതികേട് മാത്രമാണ് വയനാടേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ സൂചന.
വായനാട്ടിലാകട്ടെ, ലീഗിന്റെ ചെലവിലാണ് കോൺഗ്രസ്സിന്റെ കണക്കു കൂട്ടൽ മുഴുവൻ.
കോൺഗ്രസ്സ് നേതാക്കൾ പറയുന്നത് പോലെ "കുറ്റിച്ചൂലുകൾ" വിജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് വയനാടിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നു.
ഏഴ് നിയമ സഭാ മണ്ഡലങ്ങളിൽ വണ്ടൂരും ഏറനാടും ബത്തേരിയുമൊഴികെ നാലിടത്തും ഇടതുപക്ഷം വിജയിച്ചു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇടതു മേൽക്കൈ പ്രകടമാണ്. ആകെ അഞ്ചു മുനിസിപ്പാലിറ്റികളിൽ നാലിടത്തും എൽ.ഡി.എഫ് ആണ്. പഞ്ചായത്തിലാകട്ടെ, എൽഡിഎഫ് 34, യുഡിഎഫ് 17 ഇടത്ത് മാത്രമാണ്. ഇതിൽ ഏഴും ലീഗിന് സ്വന്തമായതുമാണ് .
മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളിൽ മാത്രമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാനവാസിന് കാര്യമായ പിന്തുണ ലഭിച്ചത്.ചുരുക്കത്തിൽ രാഹുൽ വായനാട്ടേക്ക് വണ്ടി കയറുന്നത് കോണ്ഗ്രസ്സിന്റെ ശക്‌തിയിൽ അഭയം തേടിയല്ല, ലീഗിന്റെ കാരുണ്യംതേടി മാത്രമാണ്.
ആ ലീഗാണെങ്കിൽ അവരുടെ ഉരുക്കു കോട്ടകൾ പോലും ഉറപ്പിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ കാൽക്കൽ കുമ്പിട്ടു നിൽക്കുന്നു.പണ്ടൊക്കെ ബനാത്ത് വാലയും ലീഗിന്റെ അഖിലേന്ത്യ നേതാക്കളും മലപ്പുറത്തു വന്നു നോമിനേഷൻ മാത്രം കൊടുത്ത് മടങ്ങിപ്പോകുമായിരുന്നു.
കണ്ണടച്ചു കോണിക്ക് കുത്തിയ ആ പഴയ കാലമൊക്ക കഴിഞ്ഞുപോയി. മലപ്പുറത്ത് പോലും ലീഗിന്റെ കോട്ടകൾ തകർത്ത് ഇടത്പക്ഷം വിജയഗാഥയെഴുതി.
കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തു യുഡിഎഫ് ശൈഥില്യം നേരിടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട്, ആർഎംപി.. അങ്ങനെ ആവിശുദ്ധ സഖ്യ സാധ്യതകളിൽ അഭയം പ്രാപിക്കുകയാണ് കോൺഗ്രസ്.
രാഹുൽ വന്നാൽ കേരളത്തിലാകെ ഉണർവ്വ് ഉണ്ടാകും എന്നാണ് കോൺഗ്രസ്സ് ക്യാപുകൾ അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ മത്സരിച്ച അമേഠിയിലും തൊട്ടടുത്തുള്ള സോണിയ മത്സരിച്ച റായ്ബറേലിക്കും ചുറ്റുമുള്ള എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ്സ് പരമ പൂജ്യമായി. തൊട്ടടുത്തുള്ള സംസഥാനങ്ങളും പൂർണമായും കോൺഗ്രസ്സ് തോറ്റു തുന്നംപാടി.
ഇനിയുമുണ്ട്, 'രാഹുൽ ഗാഥകൾ '
ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും കോൺഗ്രസ്സ് ജയിച്ചില്ല.!!
രാഹുൽഗാന്ധിയ്ക്കല്ല സോണിയാഗാന്ധിയ്ക്ക് പോലും രക്ഷിക്കാനാകില്ല, കേരളത്തിലെ കോൺഗ്രസ്സിനെ.
സുരക്ഷിത മണ്ഡലങ്ങൾ തേടി ഭാരതപര്യടനം നടത്തേണ്ടി വരുന്ന ഗതികേടിലേക്ക് രാഹുലിന്റെ തലമുറയെ എത്തിച്ചത്, ദശാബ്ദങ്ങളായി കോൺഗ്രസ്സ് തുടരുന്ന മൃദു വർഗീയ സമീപനവും , ജനവിരുദ്ധ സാമ്പത്തിക നയങ്ങളുമാണ് എന്ന് സ്വയം തിരിച്ചറിയുകയാണ് വേണ്ടത്,തകർച്ചയ്ക്ക് കാരണമായ നിലപാടുകൾ തിരുത്തുകയാണ് രാഹുൽ ചെയ്യേണ്ടത്.യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണം. വായനാട്ടിലേക്കല്ല, നെഹ്‌റുവിലേക്കാണ് രാഹുൽ സഞ്ചരിക്കേണ്ടത്.