അഗസ്ത്യാർകൂടത്തിന്റെ മടിത്തട്ടിലെ ഉൾക്കാട്ടിൽ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ കടവ് കടന്നും കിലോമീറ്ററുകളോളം കാട്ടിലൂടെ നടന്നും അദ്ധ്യാപനം നടത്തുന്ന ഉഷ ടീച്ചറെക്കുറിച്ച് കേട്ടറിഞ്ഞാണ് നെയ്യാർഡാം റെയ്ഞ്ചിലെ സെറ്റിൽമെന്റായ കുന്നത്ത് മലയിലേക്ക് യാത്രതിരിച്ചത്. പുറത്ത് നിന്നൊരു കാറ്റ് പോലും അനുവാദമില്ലാതെ കാടുകയറാൻ പാടില്ലെന്ന നിയമം കൃത്യമായി അറിയാവുന്ന ഉഷ ടീച്ചർ നെയ്യാർ ഡാം റെയ്ഞ്ച് ഓഫീസറുടെ അനുമതിയോടെ മാത്രമേ കുമ്പിക്കൽ കടവ് കടന്നാൽ മതിയെന്നായിരുന്നു പറഞ്ഞത്. കാര്യകാരണം സഹിതം എഴുതിയും പറഞ്ഞും തലസ്ഥാനത്തെ ഫോറസ്റ്റ് ഹെഡ് ഓഫീസ് മുതൽ നെയ്യാർ റെയ്ഞ്ച് ഓഫീസ് വരെ അനുവാദത്തിനായി നടന്നു. കാട് കയറുന്നതിന്റെ ലക്ഷ്യവും നടപ്പിന്റെ വേഗതയും ശ്വാസമെടുക്കുന്നതിന്റെ തോതുമടക്കം എഴുതി നൽകി അവസാനം അനുമതി വാങ്ങിയെടുത്തു. അങ്ങനെ ഫോട്ടോഗ്രാഫറായ സുഹൃത്തിനെയും കൂട്ടി നന്നേ രാവിലെ തന്നെ യാത്ര പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കട, ശേഷം അമ്പൂരി പിന്നെ പന്ത. അവിടെ നിന്ന് കുമ്പിക്കൽ കടവിലേക്ക്. യാത്ര തുടരുംതോറും പതിയെ പതിയെ വന്യതയും ഗ്രാമീണതയും ഒപ്പം കൂടി. കടവിൽ വാഹനം പാർക്ക് ചെയ്തശേഷം കടത്തു വള്ളത്തിനായി കാത്തുനിന്നു. അപ്പോഴേക്കും സമയം രാവിലെ പത്ത് കഴിഞ്ഞിരുന്നു.
നെയ്യാറിന്റെ കൈവഴിയായാണ് കുമ്പിക്കൽ പുഴ ഒഴുകുന്നത്. പുഴ കടന്ന് കയറുന്നത് അഗസ്ത്യാർകൂടത്തിന്റെ മടിയിലേക്കാണ്. തന്നിലേക്ക് ആഴ്ന്നിറങ്ങുന്ന വെയിലിനെ പ്രാണനിലേക്കെടുത്ത് കുമ്പിച്ചിൽ പുഴ അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. പുഴയുടെ അടിത്തട്ട് പോലും ദൃശ്യമാകും വിധം തെളിഞ്ഞൊഴുകുന്ന പുഴ. അപരിചിതരെ കണ്ടപ്പോൾ ചോദ്യഭാവത്തിലുള്ള വള്ളക്കാരന്റെ നോട്ടത്തിന് 'കുന്നത്തുമല എം.ജി.എൽ.സി ഏകാദ്ധ്യാപക വിദ്യാലയത്തിലേക്കാണ് " എന്നറിയിച്ചതോടെ 'ഉഷടീച്ചറെ കാണാനാ? ടീച്ചർ രാവിലെ എട്ട് മണിയോടെ കടത്ത് കടന്നു. വെയിലായി തുടങ്ങിയില്ലേ ! കാട്ടിലൂടെ വെയിലും കൊണ്ട് നടക്കണ്ടേ?" എന്നുള്ള സ്നേഹാന്വേഷണം. പുഴ കടന്ന് അഗസ്ത്യാർകൂടത്തിലേക്ക് കാലെടുത്ത് വച്ചശേഷം കടത്ത് കൂലി എത്രയെന്ന് ചോദ്യത്തിന് 'നിങ്ങൾ ഉള്ളത് തന്നാൽ മതി, ഞങ്ങളുടെ ഉഷടീച്ചറെ കാണാൻ വന്നതല്ലേ ? " എന്ന് നാട്ടുകാരനായ വള്ളക്കാരൻ പറഞ്ഞു. ഉഷടീച്ചർ ആ നാട്ടുകാർക്ക് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം അവിടെ തുടങ്ങുന്നു.
കടവിൽ ഒരു ചെറിയ പെട്ടിക്കട.അതിനോട് ചേർന്ന് ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന കാരിക്കുഴി പോസ്റ്റ് ഓഫീസ്. അവിടെ പോസ്റ്റ്മാനും പോസ്റ്റ്മാസ്റ്ററുമൊക്കെയായി ഉള്ളത് ഒരൊറ്റയാളാണ്. കുത്തനെയുള്ള കയറ്റത്തിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. വെട്ടുകല്ല് പതിച്ച റോഡ്, ചുറ്റും റബർ തോട്ടങ്ങൾ, ഗ്രാമപ്രദേശത്തെ അനുസ്മരിപ്പിക്കുന്ന വഴിയിലൂടെ യാത്ര അവസാനിക്കുന്നത് ചെമ്മൺപാതയിലാണ്. മുന്നോട്ട് നീങ്ങും തോറും വഴിയുടെ വിസ്തീർണം കുറഞ്ഞ് കൊണ്ടിരിക്കും. യാത്രയ്ക്കിടെ കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം കാലിന്റെ പേശികളുമായി സംഘർഷത്തിലേർപ്പെട്ടുകൊണ്ടിരുന്നു. കൂട്ടത്തിൽ ഉഗ്രരൂപിയായി വെയിലും. കിതച്ചും തളർന്നുമുള്ള യാത്രയ്ക്കിടെ വാഴക്കുലകളും റബർ ഷീറ്റുമൊക്കെ തലചുമടായി എടുത്ത് നടന്നു നീങ്ങുന്ന ഒരുപാട് നാട്ടുകാരെ കണ്ടു. ഇവയൊക്കെ അമ്പൂരിയിൽ കൊണ്ട് പോയി വിൽക്കാൻ പോകുന്നതാണ്. പുഴക്കിപ്പുറമുള്ള കുന്നത്തുമലക്കാർക്ക് കഞ്ഞിവയ്ക്കാനുള്ള അരി വാങ്ങണമെങ്കിൽ പോലും കടത്ത് കടന്ന് അമ്പൂരിയിലേക്ക് പോകണം. അതും അവയൊക്കെ തലചുമടായി കടവിലെത്തിച്ചശേഷം. പൂ കൊണ്ടു പോകുന്ന നിസാരഭാവത്തിൽ കനമുള്ള സാധനങ്ങളുമായി സ്ഥിരമായി നടന്നു പോകുന്നവരുമുണ്ട്. പ്രദേശത്ത് റോഡ് നിർമ്മാണം നടക്കുന്നുണ്ട്. റോഡ് പൂർത്തിയായാൽ കഷ്ടപ്പാടിന് കുറച്ച് ആശ്വാസം ലഭിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.
നാടു വിട്ട് കാട്ടിലേക്ക് കയറിത്തുടങ്ങി യാത്ര. പാറകൾ നിറഞ്ഞ മൊട്ടക്കുന്ന്. ഉടതൂർന്ന കാട്, വൻമരങ്ങൾ. ജനവാസം തീരെയില്ല. വഴി ചോദിക്കാൻ പേരിന് പോലും ഒരാളെ കാണുന്നില്ല. ഒരു നിമിഷം ദൈവത്തെ വിളിച്ച് ആകാശത്തേക്ക് നോക്കിപ്പോയി. അതാ ഇലക്ട്രിക് പോസ്റ്റിന്റെ കമ്പി! പിന്നെ അത് നോക്കിയായി യാത്ര. അവസാനിച്ചതോ ചുവര് തേയ്ക്കാത്ത ഒരു വീടിന് മുന്നിൽ. 'ആരാ?" കാട്ടിനുള്ളിൽ അപരിചിതരെ കണ്ട് പേടിച്ച വീട്ടുകാരുടെ ചോദ്യം. കാര്യം അറിയിച്ചു. അവിടെയാണ് സ്കൂളെന്ന് കാടിനുള്ളിലേക്ക് വിരൽചൂണ്ടി. ഏകദേശം മൂന്നര കിലോമീറ്റർ പിന്നിട്ടിരുന്നു. അപ്പോഴേക്കും കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങി. പതിനഞ്ച് മിനിറ്റ് വീണ്ടും മൂന്നോട്ട്. പാറപ്പുറത്തായി വെട്ടുകല്ല് കൊണ്ട് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന് മുന്നിലെത്തി. സമീപത്ത് കൂടി അരുവിയൊഴുകുന്നുണ്ട്.
'ഓണത്തുമ്പി വന്നാട്ടെ
ഓമനത്തുമ്പി വന്നാട്ടെ
ഊഞ്ഞാലിട്ട് തരാം
പട്ടുടുപ്പ് തുന്നിത്തരാം"
പല താളത്തിൽ ആ ഒറ്റമുറി ക്ലാസിൽ നിന്ന് പാട്ടുയർന്ന് കേൾക്കുന്നുണ്ട്. പ്രസന്നവദനയായി ഒരാൾ പുറത്തേക്ക് വന്നു. ഉഷടീച്ചർ. ഈ കാട്ടിലെ കുട്ടികളുടെ ടീച്ചറമ്മ.
രണ്ട് പതിറ്റാണ്ടിന്റെ ഓർമ്മ
കാട്ടാക്കട അമ്പൂരി സ്വദേശി ചുമട്ട്തൊഴിലാളിയായ മോഹനന്റെ ഭാര്യ ഉഷാ കുമാരി അദ്ധ്യാപനവുമായി കാട് കയറാൻ തുടങ്ങിയിട്ട് ഇത് ഇരുപതാം വർഷമാണ്. ഉഷടീച്ചർ അമ്പൂരിയിലെ സെന്റ് തോമസ് എച്ച്.എസ്.എസിലും എസ്. ജോർജിലുമായിട്ടാണ് പ്രീ ഡിഗ്രി പഠനം പൂർത്തിയാക്കിയത്.1985 -86 കാലത്താണ് പി.എൻ പണിക്കരോടൊപ്പം മലയോര ഗ്രാമമായ അമ്പൂരി ഗ്രാമപഞ്ചായത്തിലെ വയോജന വിദ്യാഭ്യാസത്തിലും സാക്ഷരത പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഒപ്പം ഡി.പി.ഇ.പി.പദ്ധതിയുടെ ഫീൽഡ് വർക്കുകൾക്കും പോകുമായിരുന്നു. ഇതിനിടെയാണ് 1998ൽ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചത്. അങ്ങനെ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ മാങ്കോട് ആദിവാസി സെറ്റിൽമെന്റിൽ ഏകാദ്ധ്യാപികയായി. കാടിനുള്ളിൽ സ്കൂൾ നിർമ്മിച്ച് കുട്ടികളെ കണ്ടെത്തി കൊണ്ടു വന്ന് പഠിപ്പിക്കേണ്ട അവസ്ഥ. സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്ത നാട്ടുകാർ. ഉഷടീച്ചർ തന്റെ ശ്രമവുമായി മുന്നോട്ട് പോയി.
ആദ്യ മാസത്തിൽ തന്നെ 18 വിദ്യാർത്ഥികളെ ടീച്ചർ സ്കൂളിലെത്തിച്ചു. ഏകദേശം എട്ട് കിലോമീറ്ററോളം അങ്ങോട്ട് ഇങ്ങോട്ടും കാട്ടിലൂടെ നടക്കേണ്ടി വരുന്നതിനാലും ആനശല്യം അധികമായതിനാലും അക്കാലത്ത് ആഴ്ചയിലൊരിക്കലാണ് ടീച്ചർ വീട്ടിൽ പോകുന്നത്. സ്കൂളിൽ തന്നെ അന്തിയുറങ്ങും. കാട്ടിൽ നിന്ന് ചന്തയിലേക്ക് പോകുന്നവർക്കൊപ്പം ആഴ്ചയിലൊരിക്കൽ കാടിറങ്ങും. കാര്യങ്ങൾ ഏറെക്കുറേ കൈപ്പിടിയിൽ ഒതുങ്ങുന്നതിനിടെ 2002ൽ വീണ്ടും സ്ഥലംമാറ്റം, കുന്നത്തമലയിലേക്ക്. അന്ന് ഇന്നത്തെപ്പോലെ പകുതിവരെ പോലും റോഡില്ല. കടത്ത് ഇറങ്ങുന്നിടത്ത് തുടങ്ങും കാട്. കാട്ടുവഴികളിലൂടെ എങ്ങനെയൊക്കെയോ സ്കൂളിലെത്തി. കല്ല് കൊണ്ട് നിർമ്മിച്ച ചെളി തേച്ചൊരു കെട്ടിടം.കുട്ടികൾ ആരുമില്ല. രണ്ടു ദിവസം സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ കുത്തിയിരുന്നു. കുട്ടികൾ പോയിട്ട് കാട്ടുജീവികൾ പോലും ആ വഴിവന്നില്ല. ഇങ്ങനെയിരുന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരിലേക്ക് ഇറങ്ങി ചെന്നു.
നാൽപത്തിയാറ് കുടുംബങ്ങളാണ് സെന്റിൽമെന്റിലുണ്ടായിരുന്നത്. സ്കൂൾ പ്രായമായിട്ടും പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തി. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ബോദ്ധ്യപ്പെടുത്താൻ സന്നദ്ധസംഘടനകളുടെ സഹായത്തോടെ കുടുംബയോഗങ്ങളും അമ്മമാരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. പലപ്രായത്തിലുള്ള ആറ് കുട്ടികളെ പഠിപ്പിക്കാനായി എത്തിച്ചു. കുട്ടികളുടെ സർഗാത്മക വികസനം ലക്ഷ്യമാക്കി ബാലസഭകൾ സംഘടിപ്പിച്ചു. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളിലാണ് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത്. ശേഷം വെള്ളനാട് മിത്രനികേതനിൽ ഹൈസ്കൂൾ പഠനം. ഇവിടെ പഠിച്ചവരിൽ പലരും എസ്.എസ്.എൽ.സി പാസായി, ജോലി നേടി. കാലക്രമേണ കുട്ടികളുടെ എണ്ണം 32ൽ എത്തിച്ചു. മനസുണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും മറികടക്കാമെന്നതിന് തെളിവാണ് ഉഷാകുമാരി ടീച്ചർ.
ഫലമില്ലാത്ത അധ്വാനം
വീട്ടുജോലികളൊക്കെ ഒതുക്കി രാവിലെ ഏഴ് മണിക്കാണ് ഉഷ ടീച്ചറിന്റെ സ്കൂൾ യാത്ര. അമ്പൂരിയിൽ നിന്ന് സ്കൂട്ടറിൽ കുമ്പിച്ചൽ കടവ് വരെ. കടത്ത് കടന്ന് ഒന്നര കിലോമീറ്റർ നടത്തം പൂർത്തിയാക്കുമ്പോൾ കാട്ടുപാതയായി. വളഞ്ഞ് പുളഞ്ഞ് ചെങ്കുത്തായ കുത്തനെയുള്ള കയറ്റത്തിലൂടെ പാറകൾക്കിടയിലൂടെ രണ്ട് കിലോമീറ്റർ നടന്ന് സ്കൂളിലെത്തും. ഇതിനിടെ സ്കൂൾ ബസിന്റെ ജോലിയും ടീച്ചർ തന്നെ ചെയ്യണം. വീടുകൾക്ക് മുന്നിൽ കുട്ടികൾ വഴിയിൽ ടീച്ചറിനായി കാത്തുനിൽക്കും. അവരേയും കൂട്ടി സ്കൂളിലേക്ക്. ആനയും സിംഹവും പുലിയുമൊഴികെയുള്ള കാട്ടുജീവികളും ഇഴജന്തുക്കളും വഴിയിലുണ്ടാകും. പാറക്കൂട്ടങ്ങളുള്ളതാണ് ആനകളില്ലാത്തതിന് കാരണം. മഴയായാൽ പിന്നെ കാട്ടുപന്നിയാകും വഴിനീളെ. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് ഒരു സമൂഹത്തെ അക്ഷരവെളിച്ചത്തിലൂടെ മാറ്റിയെഴുതിയ തന്നെ പേടിപ്പിക്കാൻ ഇവയ്ക്കൊന്നും സാധിക്കില്ലെന്ന് ടീച്ചർ പലതവണ തെളിയിച്ചതാണ്. സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണമുണ്ടാക്കുന്നതും അവർക്കുള്ള ആഹാരത്തിനായുള്ള സാധനങ്ങൾ വാങ്ങുന്നതും ഒക്കെ ടീച്ചർ തന്നെ ചെയ്യണം. പ്രധാനാദ്ധ്യാപികയുടെ ജോലികളും ടീച്ചർ തന്നെ ചെയ്യണം. എന്നാൽ ഈ കഷ്ടപ്പാടുകൾക്ക് അംഗീകരമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ആകെ ശമ്പളം ഇരുപതിനായിരത്തിൽ താഴെയാണ്. അത് കിട്ടുന്നതോ ആണ്ടിലും ആവണിക്കും.
നാലു കുട്ടികൾക്ക് അക്ഷരം പറഞ്ഞ് കൊടുക്കുന്നതിന് ഫലം ഇച്ഛിക്കരുതെന്നാണ് ടീച്ചറിന്റെ പക്ഷം. എന്നാൽ സ്കൂൾ നടത്തിപ്പിനായി പോലും ഫണ്ട് കിട്ടാതെ വന്നാലോ? സ്കൂൾ നടത്തിപ്പാനായി ഒരു കുട്ടിക്ക് സർക്കാർ മാറ്റി വച്ചിരിക്കുന്നത് 8 രൂപയാണ്. ഇതിൽ പ്രഭാതഭക്ഷണവും പാലും മുട്ടയും മീനും പച്ചക്കറിയും ചോറും ഇറച്ചിയുമൊക്കെ കൊടുക്കണം. 20 രൂപയ്ക്ക് വാങ്ങുന്ന സാധനം മലകയറി സ്കൂളിലെത്താൻ ചുമട്ട്കൂലി കൊടുക്കണം 60 രൂപ. സർക്കാർ ഫണ്ടിനെ നോക്കിയാൽ കുട്ടികൾ പട്ടിണിയാകുമെന്ന് കണ്ടതോടെ സഹായത്തിന് സന്മനസുള്ളവരെ കണ്ടെത്താൻ തുടങ്ങി. കുട്ടികൾക്ക് യൂണിഫോം, കുട, ബാഗ്, പഠനോപകരണങ്ങൾ, ഇരിക്കാൻ കസേരകൾ എന്നിങ്ങനെ ഒന്നൊന്നായി സ്കൂളിലെത്തിച്ചു. സർക്കാർ ഫണ്ടിലെ ഭക്ഷണം തീരുമ്പോൾ സ്വന്തം കൈയിൽ നിന്ന് ചെലവാക്കും. അതിനും കഴിയാതെ വരുമ്പോൾ സ്പോൺസർമാരെ കണ്ടെത്തും. എന്ത് പ്രതിസന്ധി വന്നാലും ഇറങ്ങിത്തിരിച്ച ജോലിയിൽ നിന്ന് പിന്നോട്ട് പോകാൻ താൻ തയാറല്ലെന്നാണ് ടീച്ചർ പറയുന്നത്. ഇതിനെല്ലാം പൂർണപിൻതുണയുമായി ഭർത്താവ് മോഹനനും മകൻ മോനിഷും ഫോട്ടോഗ്രാഫി വിദ്യാർത്ഥിയായ മകൾ രേഷ്മയും ഒപ്പമുണ്ട്.