മകളെ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ബി.സി.എ പഠിക്കാൻ കൊണ്ടു ചെല്ലുമ്പോൾ കെ.സി.അയൂബെന്ന നാട്ടിൻപുറത്തുകാരന്റെ മനസിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, അവൾ പഠിച്ച് നല്ലൊരു ജോലി നേടും എന്ന സ്വപ്നം. എന്നാൽ, സംഭവിച്ചത് സ്വപ്നത്തിൽ പോലും അയൂബ് കാണാത്ത കാര്യം. മകൾ അച്ഛനെ പോലെ ഒരു ബിസിനസുകാരിയായി.
മൂവാറ്റുപുഴ മടക്കത്താനം കിഴക്കേമഠത്തിൽ അസിയ അയൂബിന് ഇപ്പോൾ നിന്നു തിരിയാൻ സമയമില്ല. രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഈ ഇരുപതുകാരിയുടെ മനസിൽ പെൺകുട്ടികൾക്കു മാത്രമായി അവരുടെ ലൈഫ് സ്റ്റൈലിന് ഒത്തിണങ്ങുന്ന ഒരു ബിസിനസ് ആശയം ഉദിക്കുന്നത്. അങ്ങനെ 2017 നവംബറിൽ ലൈറ എന്ന സ്റ്റാർട്ടപ്പ് കമ്പനി രൂപം കൊണ്ടു. ഇന്ന് ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് സമൂഹമാദ്ധ്യമങ്ങളിലെല്ലാം വൈറലാണ് ഈ സംരംഭം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഏഴായിരത്തോളം പേർ ലൈറയെ ഫോളോ ചെയ്യുന്നുണ്ട്. ദിവസം 500 മുതൽ 1000 രൂപ വരെ വരുമാനം കണ്ടെത്തുന്ന അസിയ പുതുതായി സംരംഭത്തിലേക്ക് എത്തുന്നവർക്ക് ഒരു വഴികാട്ടിയുമാണ്. ദൃഢ നിശ്ചയവും വ്യക്തമായ ലക്ഷ്യവുമുണ്ടെങ്കിൽ എന്തും നേടിയെടുക്കാൻ കഴിയുമെന്നത് അസിയയുടെ മാത്രമല്ല, 'ലൈറ" യുടെ കൂടി കഥയാണ്.
അടുക്കള കോലായിലിരുന്ന് ഉമ്മയുമൊത്തുള്ള സല്ലാപമാണ് അസിയയുടെ മനസിൽ ബിസിനസ് ആശയം മിന്നിച്ചത്. ''വെറുതേ ഇരിക്കാതെ വട്ടച്ചെലവിനുള്ള കാശ് കിട്ടുന്ന എന്തേലും തുടങ്ങിയാലോ..."" മോൾക്ക് കട്ട സപ്പോർട്ടുമായി സീനത്തും കൂടെ നിന്നു. തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽ നല്ല തട്ടം കിട്ടുന്ന കടകൾ കുറവായിരുന്നു. എങ്കിലും നാട്ടിൻപുറത്തെ ഒരു കടയിൽ നിന്നും നൂറു രൂപയുടെ തട്ടം വാങ്ങി 120 രൂപയ്ക്ക് കച്ചവടമാക്കി. അങ്ങനെ പത്തു തട്ടം വിറ്റ 1000 രൂപയിൽ നിന്നുള്ള പ്രചോദനവും ബാപ്പ നൽകിയ ആയിരം രൂപയും കൂടെ ചേർന്നപ്പോൾ കച്ചവടം ഉഷാറാക്കാൻ തന്നെ തീരുമാനിച്ചു. മൊത്തവ്യാപാരികളിൽ നിന്നും എടുക്കുന്ന തുണിത്തരങ്ങളുടെ ഫോട്ടോസ് വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തായിരുന്നു വിപണി വിപുലീകരിച്ചത്. അങ്ങനെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സംരംഭത്തിന്റെ ആദ്യ ഉപഭോക്താക്കളായി. പിന്നീട് ഒരു സുഹൃത്ത് വഴിയാണ് നേരിട്ട് ഉല്പന്നങ്ങൾ ലഭ്യമാക്കുന്ന നിർമാതാക്കളിലേക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ സൂററ്റ്, നോയിഡ, മുംബയ്, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നു വരെ ലൈറയ്ക്കായി ഉല്പന്നങ്ങൾ എത്തുന്നുണ്ട്. മോഡേൺ യൂത്തിനെ ആകർഷിക്കുന്ന വസ്ത്രങ്ങൾക്ക് പുറമേ ബാഗ്, വാച്ച്, കമ്മൽ, പ്രിന്റഡ് ടീ ഷർട്ട് തുടങ്ങിയവയാണ് ലൈറയുടെ വിപണി.
സെലിബ്രിറ്റികളുമായി സഹകരിച്ചാണ് ലൈറയുടെ പ്രോഡക്ടുകൾക്ക് പ്രചാരം നൽകുന്നത്. ചലച്ചിത്രതാരം കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ, ദൃശ്യം ചിത്രത്തിലെ എസ്തർ അനിൽ എന്നിവരും ലൈറയുടെ മോഡലുകളായെത്തിയിട്ടുണ്ട്.
സാമൂഹ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓർഡറുകളുടെ പാക്കിംഗ് മുതൽ ഡെലിവറിയിൽ വരെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായമുണ്ട്. 7 മുതൽ 10 ദിവസത്തിനുള്ളിൽ ഉല്പന്നം ഉപഭോക്താക്കളിലെത്തിക്കാൻ കഴിയുന്നുണ്ട്. നിലവിൽ തൊടുപുഴയിലും മൂവാറ്റുപുഴയിലും മാത്രമാണ് കാഷ് ഓൺ ഡെലിവറി സംവിധാനമുള്ളത്. ഇവിടങ്ങളിലൊക്കെ അനുജൻ അസ്ളം അയൂബും കോളേജ് സുഹൃത്തുക്കളുമാണ് ഡെലിവറി ബോയിസായി എത്തുന്നത്. ഇന്ത്യയൊട്ടാകെ കാഷ് ഓൺ ഡെലിവറി നടത്തുന്നതിനായി കൊറിയർ സർവീസുമായി ചർച്ചയും നടക്കുന്നുണ്ട്.
ബിസിനസ് വിദ്യാർത്ഥികളുടെ അദ്ധ്യാപികയാകാനുള്ള ഭാഗ്യവും ലൈറയിലൂടെ അസിയയെ തേടിയെത്തി. 'എം.ബി.എ വിദ്യാർത്ഥികൾക്ക് കോഴ്സിന്റെ ഭാഗമായി സ്വന്തമായി ബിസിനസ് ചെയ്യുന്ന ഒരാളുമായി സംവദിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ക്ലാസുകൾ നയിക്കുന്നതിനും സംവദിക്കുന്നതിനുമുള്ള ഒരു അവസരവും ഈ വിദ്യാർത്ഥി സംരംഭക പാഴാക്കാറില്ല. ലൈറ എന്തായിരുന്നു...എന്താണ്...എന്താകും എന്നാണ് ഞാൻ അവർക്ക് പറഞ്ഞുകൊടുക്കുന്നത്. അതുവഴി അവർക്കൊരു പ്രചോദനം നൽകാനും നമുക്ക് അവരിൽ നിന്ന് പലതും മനസിലാക്കാനും കഴിയും. ബാപ്പയും സഹോദരങ്ങളും ഹോട്ടൽ, ബേക്കറി രംഗത്ത് ബിസിനസ് ചെയ്യുകയാണ്. ആ പാരമ്പര്യമാകാം തന്നെയും ബിസിനസിലേക്ക് അടുപ്പിച്ചതെന്ന് അസിയ പറയുന്നു.
'ഒരുപക്ഷേ ബാപ്പയും ഉമ്മയും സർക്കാർ ജോലിക്കാരായിരുന്നെങ്കിൽ തനിക്ക് വീട്ടിൽ നിന്നും ഇത്രയും പിന്തുണ ലഭിക്കില്ലായിരുന്നു...നീ പഠിച്ച് ഒരു ജോലി വാങ്ങിയാൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനൊരു സീറോ ആയിപ്പോകുമായിരുന്നു... എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കാനുള്ള വീട്ടുകാരുടെ മനസാണ് എന്റെ ഏറ്റവും വലിയ ഊർജവും ഭാഗ്യവും..." ഒരുപാട് പേർക്ക് ജോലി നൽകാൻ കഴിയുന്ന ഒരു സ്ഥാപനമാക്കി ലൈറയെ വളർത്തുകയെന്നതാണ് അസിയയുടെ സ്വപ്നം. ഫ്ളിപ്പ് കാർട്ട്, ആമസോൺ പോലുള്ള ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് ലൈറയെ മാറ്റണം. താമസിയാതെ അതിന് സാധിക്കുമെന്ന പ്രതീക്ഷയും ഈ യുവ സംരംഭക മറച്ചുവയ്ക്കുന്നില്ല. ബി.സി.എ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ പോകുന്ന അസിയ അയൂബിന്റെ അടുത്ത ലക്ഷ്യം എം.ബി.എ നേടുകയാണ്. ബിസിനസിന്റെ പുതിയ ലോകം കൈയ്യെത്തി പിടിക്കാനുള്ള ഓട്ടത്തിലാണ് ഈ പെൺകുട്ടി.