പത്മിനി പെൻഷൻ വാങ്ങി വരുമ്പോൾ ഒരു ചിത്രത്തിന് മുന്നിൽ അതുവച്ച് കൈകൂപ്പും. പിന്നെ നിറമിഴികൾ തുടയ്ക്കും. പേരക്കുട്ടികൾ അതു നോക്കി നിന്ന് ചിരിക്കും. അമ്മൂമ്മയെന്തിനാ ആ മുത്തച്ഛനെ എല്ലാ മാസവും തൊഴുന്നത്. അവരോട് കൂടുതലൊന്നും പറയാൻ നിൽക്കാതെ ബേക്കറിയിൽ നിന്നുവാങ്ങിക്കൊണ്ടുവന്ന മധുരപലഹാരങ്ങൾ നൽകും.
പത്മിനി പെൻഷൻ വാങ്ങി വരുമ്പോൾ ഒരു പിച്ചിപ്പൂമാലയും വാങ്ങിയിരിക്കും. അച്ഛന്റെ പടത്തിലിടാൻ. ആ ഫോട്ടോയിൽ മാലചാർത്തുമ്പോൾ പഴയകാലം ആ മനസിലൂടെ കടന്നുപോകും. പൊട്ടിക്കരഞ്ഞ ആ കാലം, നെടുവീർപ്പുകളിൽ തലവയ്ച്ചുറങ്ങിയ നാളുകൾ. പേരക്കുട്ടികൾ ഒരിക്കൽ നിർബന്ധിച്ചപ്പോൾ പത്മിനി ആ പഴയസംഭവം പറഞ്ഞുകൊടുത്തു. നാലു ദശാബ്ദങ്ങൾ തലോടിപ്പോയ കഷ്ടകാലത്തിന്റെ നാളുകൾ.
ഇരുപതാം വയസിലാണ് ഭർത്താവിന്റെ മരണം. വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് രണ്ടുവർഷം. ഹൃദയത്തിന്റെ വാൽവിനെന്തോ തകരാറ്. ഓർക്കാപ്പുറത്ത് വിധവയാകുമ്പോൾ മരണം ഒരു രാക്ഷസനെപ്പോലെ തോന്നി. അതിനേക്കാൾ അസഹ്യമായി തോന്നിയത് മരണകാരണത്തെച്ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കങ്ങളും വഴക്കുമാണ്. നേരത്തേ എല്ലാം അറിഞ്ഞുവച്ചുകൊണ്ട് ഒളിച്ചുവച്ച് കല്യാണം നടത്തി, ഒരു പെണ്ണിന്റെ ഭാവി തകർക്കാൻ. പെണ്ണിന്റെ ജാതകദോഷം കൊണ്ടായിരിക്കാം. അല്ലെങ്കിൽ നല്ല ആരോഗ്യമുള്ള ഒരാൾ വാഴ വെട്ടിയിട്ടപോലെ വീണു മരിക്കുമോ? അതിനെന്ത്? പെണ്ണിന് ജോലി കിട്ടുമേ, ലോട്ടറിയടിച്ചില്ലേ.
മരണമന്വേഷിച്ചു വരുന്നവർക്ക് ഈ വാക്കുതർക്കവും പിണക്കവുമൊക്കെ രസമായി. പത്മിനി പ്രത്യേകം ശ്രദ്ധിച്ചത് അച്ഛന്റെ നിശബ്ദതയാണ്. എന്തിനും പൊട്ടിത്തെറിക്കുന്ന അദ്ദേഹം സമചിത്തത പാലിച്ചു. പിണങ്ങിപ്പോകാൻ കാത്തിരുന്നവരെ പിന്തിരിപ്പിച്ചു.
മരണം കഴിഞ്ഞ് മൂന്നാഴ്ച തികഞ്ഞപ്പോൾ കിട്ടിയ സർക്കാർ ജോലിയ്ക്ക് പോകാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ പത്മിനി പൊട്ടിക്കരഞ്ഞു. പിന്നെ പൊട്ടിത്തെറിച്ചു. ജോലി സമ്പാദിച്ചോണ്ടു വന്നിരിക്കുന്നു. സമാധാനമായില്ലേ. ഇത്രയ്ക്ക് മനഃസാക്ഷിയില്ലാത്തയാളോ എന്നൊക്കെ അച്ഛനോട് കയർത്തു. അച്ഛന്റെ ഒരു സുഹൃത്തിന്റെ പഴയകാറിൽ ബലാൽക്കാരമായി പിടിച്ചിട്ടാണ് ഓഫീസിൽ കൊണ്ടുപോയത്. ആദ്യത്തെ ഒരാഴ്ച അങ്ങനെയായിരുന്നു. പിന്നെ ഓഫീസിൽ സഹപ്രവർത്തകർ ആശ്വസിപ്പിച്ചപ്പോഴാണ് അച്ഛന്റെ മഹത്വം,ദീർഘവീക്ഷണം മനസിലായത്. ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ അച്ഛനൊരു മുണ്ടും ഷർട്ടും എടുത്തു കൊണ്ടുവരണമെന്നുണ്ടായിരുന്നു. അതു നടന്നില്ല. ഒരിക്കലും നടക്കുകയുമില്ല. ഒരു ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോൾ ഒരു വാഹനാപകടം. നിർബന്ധിച്ച് അച്ഛൻ ജോലിക്കു കൊണ്ടുപോയില്ലായിരുന്നെങ്കിൽ... അച്ഛൻ കൂടി നഷ്ടപ്പെടുമ്പോൾ അനാഥമാകുമായിരുന്നു ജീവിതം.
ചിലരോട് നന്ദി പറയാൻ നാം വിട്ടുപോകും. നല്ല വാക്കുപറയാൻ മറന്നുപോകും. അതൊന്നും പ്രകടിപ്പിക്കാൻ പിന്നൊരിക്കലും കഴിഞ്ഞെന്നു വരില്ല. പത്മിനി പലരോടും തന്റെ ജീവിതം ഉദാഹരിക്കുമ്പോൾ ഓർമ്മിപ്പിക്കും. നന്ദിയും നല്ല വാക്കും യഥാസമയം പറയണം. കാരണം അതു പിന്നെ പറയാൻ പോലും സാധിക്കില്ല.
ഓരോ മാസവും അച്ഛന്റെ പടത്തിലിട്ട മാല എടുത്തുമാറ്റുമ്പോൾ അറിയാതെ പത്മിനി മണപ്പിക്കും. അച്ഛന്റെ സ്നേഹം ആ മണത്തിൽ ഉണ്ടെന്ന് തോന്നിപ്പോകും.
ഫോൺ : 9946108220