കാണുമ്പോൾ ഗ്ലോബോ പേപ്പർ വെയിറ്റോ ആണെന്ന് ചിലർ കരുതും. ഫോട്ടോഗ്രാഫിയിലെ പല പരീക്ഷണങ്ങൾ നടത്തിയ കൂട്ടത്തിൽ ഒന്നാണിത്. കാമറ പൂർണ്ണമായും മാനുവലായതിനാൽ ഓട്ടോ ഫോക്കസിംഗോ ഫോളോഫോക്കസിംഗോ പറ്റില്ലായിരുന്നു. അതിനാൽ പറന്നു നടക്കുന്ന സോപ്പുകുമിളയുടെ ഫോട്ടോ എടുക്കുക അസാധ്യമായിരുന്നു. എന്നാലും ആവേശം കാരണം ശ്രമിച്ചു നോക്കിയതാണ്.
അങ്ങനെയിരിക്കെ ഇവിടെ ഉത്സവ സീസൺ സമയമായി. (ഉത്സവ സമയങ്ങളിലും പാർക്കുകളുടെ മുമ്പിലുമൊക്കെ 5 രൂപ കൊടുത്താൽ പഴയ ഫിലിം ഡബ്ബയിൽ സോപ്പുവെള്ളവും ഊതിവിടാൻ ചെറിയ കുഴലും ഒപ്പം കിട്ടും) ഒരു പയ്യൻ തനിയെ ഒരിടത്ത് നിന്ന് കുമിളകൾ ഊതിവിടുന്നു.അവന്റെ അടുത്തേക്ക് നടന്നുചെല്ലുമ്പോഴേക്കും സാമാന്യം വലിപ്പമുള്ള ഒരു കുമിള എന്റെ സമീപത്തേക്കു പതുക്കെ പറന്നുവരുന്നു. മാനുവൽ ഫോക്കസിംഗ് വളരെ പ്രയാസമായിരുന്നു. എങ്കിലും ലക്ഷ്യമില്ലാതെ പറന്നു പോകുന്ന അതിന്റെ പിന്നാലെ കാമറയുമായി ഫോക്കസ് ചെയ്തു നടന്നു. ഭാഗ്യത്തിന് അത് പറന്നു പയ്യന്റെ അടുത്തേക്ക് തന്നെ വന്നു. മാത്രമല്ല അവിടെ സൂര്യവെളിച്ചവുമുണ്ടായിരുന്നു. അത് കുമിളയിൽ പതിച്ചപ്പോൾ മഴവിൽ നിറങ്ങൾ അതിൽ കിട്ടുകയും തൊട്ടടുത്ത് നിന്ന പയ്യന്റെ ഷാർപ്പായ രൂപവും എതിർഭാഗത്ത് തലകീഴായ മറ്റൊരു രൂപവും കൂടി അതിൽ കാണുകയും ഫോക്കസിലാകുകയും ചെയ്തു. പെട്ടെന്ന് ക്ലിക്ക് ചെയ്തു.
അപ്പോൾ ഇന്ത്യയിൽ കളർ ഫിലിം വന്നു തുടങ്ങുന്നതേയുള്ളൂ. വളരെ അപൂർവ്വമായി കിട്ടിയ ആ വിലകൂടിയ 35 mm കളർ ഫിലിം അരിഷ്ടിച്ചു ചെലവാക്കിയതിനാൽ രണ്ടാഴ്ചയോളം വേണ്ടി വന്നു അത് പ്രിന്റടിച്ച് കിട്ടാൻ. പയ്യന്റെ രൂപവും മഴവില്ലിന്റെ നല്ല കളറുകളുമായി കിട്ടിയ ആ ചിത്രം ഇന്നും പുതുമ വിടാതെ കൈവശം സൂക്ഷിക്കുന്നു. അത് അന്നു പ്രേക്ഷകർക്ക് ഒരത്ഭുതമായിരുന്നു. ചില സമ്മാനങ്ങൾ അതിനു കിട്ടുകയും അന്ന് ആനുകാലികങ്ങൾ കാര്യമായി അത ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതെടുത്തിട്ട് വർഷങ്ങൾ ഏതാണ്ട് നാൽപതു കഴിയുന്നു. മാറ്റങ്ങൾ ഒരുപാട് വന്നു.
സാങ്കേതിക വിദ്യ വളരെ വികസിച്ചു. ഇന്ന് ഇതെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല. കാരണം ഇപ്പോൾ ഉടയാത്ത രീതിയിൽ, കട്ടിയുള്ള കുമിളകൾ തൊട്ടാലും മുട്ടിയാലും കുഴപ്പം സംഭവിക്കാത്ത രീതിൽ ഉണ്ടാക്കിയെടുക്കാനും ഊതിവിടാനും മാർഗ്ഗമുണ്ട്. അതുപോലെ ഇഷ്ടമുള്ള ലൈറ്റിംഗ് കൊടുത്തു ഏതുരൂപവും ഉൾക്കൊള്ളിച്ചു ഫോട്ടോയെടുക്കാനുള്ള സംവിധാനങ്ങൾ വരെയും നിലവിലുണ്ട്.