''ഗ്രാമച്ചന്തയിൽ
ഇപ്പോഴും ആ പാട്ടുകാരൻ കവിയുണ്ട്.
ഹൃദയം വിറ്റുപെറുക്കിയും
നെഞ്ചത്തടിച്ചും പാടാനറിയുന്ന -
ആ കവി.""
(ഗ്രാമച്ചന്തയിലെ കവി)
എം.എ വൈവ പരീക്ഷയിൽ ഡോ. എം. ലീലാവതി ടീച്ചർ സ്വന്തം കവിത ചൊല്ലാനാണ് കിളിമാനൂർ മധുവിനോട് ആവശ്യപ്പെട്ടത്. മലയാളത്തിലെ പ്രമുഖ വാരികയിൽ അച്ചടിച്ചുവന്ന 'കാവേരി" എന്ന കവിത ആ പി.ജി വിദ്യാർത്ഥി ആലപിച്ചു.
കവിതയിലെ ഏകാന്ത പഥികൻ എന്നു വിശേഷിപ്പിക്കാവുന്ന കവിയാണ് കിളിമാനൂർ മധു. കാവ്യജീവിതത്തിന്റെ പതിറ്റാണ്ടുകൾ പിന്നിട്ട് കവി ഇപ്പോഴും ഇവിടെയുണ്ട്. കിളിമാനൂർ മധുവിന്റെ കവിതകളുടെ ഇംഗ്ളീഷ് സമാഹാരം 'നെയിം ഓഫ് ലൈഫ്" ഉടൻ ഹൈദരാബാദിൽ പുറത്തിറങ്ങും. 'ജീവിതത്തിന്റെ പേര് "എന്ന കവിതയടക്കം അമ്പതോളം കവിതകളുടെ പരിഭാഷയാണ് ഉള്ളടക്കം. കവിതയിൽ മധുവിന് മുമ്പേ നടന്ന സുഹൃത്തും തെലുങ്കു നാട്ടുകാരനുമായ കവി ശിവറെഡ്ഢിയാണ് ഇതിന് മുൻകൈയെടുത്തത്. കവിത തെളിച്ച പാതയിലൂടെ നടന്ന് മറുനാടുകളിലും അന്യരാജ്യങ്ങളിലും സൗഹൃദത്തിന്റെ തണൽ മരങ്ങൾ മധു നട്ടുനനച്ചു വളർത്തിയിട്ടുണ്ട്. പരസ്പര പൂരകങ്ങളായ ആ കാവ്യവീഥികളിലൂടെ മധു ഇന്നും യാത്ര തുടരുന്നു. എന്തെഴുതിയാലും കവിതയാകുമെന്നു വിശ്വസിക്കുന്നവരുടേയും, എന്തെഴുതിയാൽ കവിതയാകില്ലെന്നു ചിന്തിക്കുന്നവരുടേയും ഈ കാലത്ത് മധുവിന്റെ കവിതകൾ ഒറ്റപ്പെട്ട ശബ്ദമായി ഇന്നും മുഴങ്ങുന്നു.
കവിത എന്താണ്? മധുവിന്റെ വാക്കുകൾ ഇങ്ങനെ:- കവിത എന്താണെന്നോ, എവിടെയാണെന്നോ പറയാൻ പറ്റില്ല. അവിടെ ഒരു വാതിലുണ്ട്. അതിലെ കയറിപ്പോയാൽ ചിലപ്പോൾ വഴികളിലെവിടെയോ കവിതയെ കണ്ടെത്താം, കൂട്ടിമുട്ടാം, ഒന്നായി ലയിക്കാം. പോകുന്ന വഴിയിൽ നിരീക്ഷണ പാടവത്തോടെ ഉൾക്കാഴ്ചയോടെ വേണം സഞ്ചരിക്കാൻ. ഇന്ന് പത്രമോഫീസുകളിലേക്കും പ്രസിദ്ധീകരണശാലകളിലേക്കും വരുന്ന ഓരോ പത്തു തപാലിൽ ഒമ്പതും കവിതയായിരുന്നിട്ടും അതിൽ കാവ്യാംശം കണ്ടെത്താൻ കഴിയാത്ത പത്രാധിപൻമാരോട് മധുവിന്റെ അഭ്യർത്ഥന, കാത്തിരിക്കുക കവിതയുടെ കാന്തിക സ്പർശവുമായി യഥാർത്ഥ കവി വരും, എല്ലാക്കാലത്തും. കവിതയുടെ കാലം കഴിഞ്ഞിട്ടില്ല. മികച്ച കവിതകളുടെ സ്പർശം യുവതലമുറയിലുണ്ട്. സൂക്ഷ്മമായി പരതുക. കവിത കണ്ടെത്താനാകും. ഇന്നെഴുതപ്പെടുന്ന ഏറ്റവും വലിയ സാഹിത്യവും കവിതയാണെന്ന് മധു പറയുന്നു.
പത്തു മക്കളുള്ള വീട്ടിൽ എട്ടാമനായിരുന്നു മധു. ഡിഗ്രിക്കു പഠിക്കുമ്പോഴും വീട്ടിൽ വൈദ്യുതി എത്തിയിരുന്നില്ല. മണ്ണെണ്ണ വിളക്കിന്റേയും റാന്തലിന്റേയും വെളിച്ചത്തിൽ കവിത മുടങ്ങാതെ വായിച്ചു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതം പരിഭാഷ വായിക്കാൻ മോഹിച്ചു. ഏട്ടന്റെ ശുപാർശയുണ്ടായിട്ടേ ലൈബ്രേറിയൻ പുസ്തകം നൽകിയുള്ളു. അത് മനപ്പാഠമാക്കാൻ മധു മടിച്ചില്ല.
വീട്ടിൽ എന്നും അര മണിക്കൂർ കാവ്യസദസ് ഉണ്ടായിരുന്നു. അച്ഛൻ കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. രാഷ്ട്രീയത്തിനിടയിലും സാഹിത്യ കമ്പമുള്ളയാൾ. വീടിനടുത്തെ ഗോദവർമ്മ വായനശാലയിൽ നിന്നെടുക്കുന്ന പുസ്തകങ്ങൾ മക്കളിൽ ആരെയെങ്കിലും കൊണ്ട് അദ്ദേഹം ഉറക്കെ വായിപ്പിക്കും. മറ്റുള്ളവർ എല്ലാം കേട്ടുകൊണ്ടിരിക്കും. തുടർന്ന് ഓരോരുത്തരും അഭിപ്രായം പറയണം. കവിതയുടെ ലോകത്തേക്കുള്ള മധുവിന്റെ പ്രയാണത്തിന് അത് വളമേകി. അക്ഷരശ്ളോക സദസും ഉണ്ടാകുമായിരുന്നു.
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ പ്രിയപ്പെട്ട എഴുത്തുകാരെ തേടി മധു സഞ്ചാരം തുടങ്ങി. നേരെ എറണാകുളത്തേക്കു വിട്ടു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വീട്ടിലെത്തി. മുൻപരിചയം ഇല്ല. പക്ഷേ സ്വന്തം ആളാണെന്ന തോന്നൽ ഉള്ളിലുണ്ടായിരുന്നു. ഭക്ഷണവും മാർഗനിർദ്ദേശങ്ങളും നൽകിയാണ് ശങ്കരക്കുറുപ്പ് യാത്രയയച്ചത്.
തൃശൂരിൽ വൈലോപ്പിള്ളി മാഷിന്റെ വീട്ടിലേക്കായിരുന്നു അടുത്ത യാത്ര. അവിടെ അന്യർക്കു പ്രവേശനം നിഷിദ്ധമാണ്. കൈയിലുള്ള ബാഗ് വീടിന്റെ ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞു. ശബ്ദം കേട്ട് വൈലോപ്പിള്ളി വന്നു. കാര്യം പറഞ്ഞപ്പോൾ ആ വാതിൽ തുറന്നു. പിന്നീട് മധുവിന്റെ മുമ്പിലൊരിക്കൽ പോലും ആ വാതിൽ അടഞ്ഞിട്ടില്ല. മാത്രമല്ല മകന്റെ ചോറൂണിന് ഗുരുവായൂർ പോയപ്പോൾ വൈലോപ്പിള്ളിയുടെ വീട്ടിലും കയറി. മകന് പാലും പഴവും നൽകി കവി പകർന്ന വാത്സല്യം മധു ഇന്നും മനസിന്റെ ചെപ്പിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. 'സിംഹവേട്ടക്കാരന്റെ ഒച്ച" എന്ന കവിത വൈലോപ്പിള്ളിക്കുള്ള അഞ്ജലിയായിരുന്നു. വൈലോപ്പിള്ളി മധുവിന്റെ കവിതയ്ക്ക് അവതാരിക എഴുതി നൽകിയിട്ടുണ്ട്. പക്ഷേ അത് അന്ന് പ്രസിദ്ധീകരിക്കാനുള്ള ധൈര്യം മധുവിനില്ലായിരുന്നു. വലിയ എഴുത്തുകാരെക്കണ്ടപ്പോഴും അവരുടെ കവിത വായിച്ചപ്പോഴും തന്റെ കവിതയല്ല കവിതയെന്ന തോന്നലിൽ നിന്നാണ് അന്നങ്ങനെ ചിന്തിച്ചത്.
കോഴിക്കോട് ചലച്ചിത്ര സംവിധായകൻ അരവിന്ദന്റെ മുറിയിൽ വച്ചാണ് എം.ടി. വാസുദേവൻനായരെ ആദ്യമായി കാണുന്നത്. തന്റെ ജീവിതത്തിലെ അർത്ഥപൂർണമായ കൂടിക്കാഴ്ചയായിരുന്നു അതെന്ന് മധു ഇന്നും ഓർക്കുന്നു. എം.ടിയുമായിട്ടുള്ള അടുപ്പം ജീവിതത്തിൽ ലഭിച്ച അസുലഭ സൗഭാഗ്യമായിട്ടാണ് മധു കാണുന്നത്. മധുവിന്റെ ചെരുപ്പു കണ്ണടയ്ക്ക് അവതാരിക എഴുതിയത് എം.ടി.യായിരുന്നു. എം.ടി. ഒരുപാട് വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. വാരികയുടെ പത്രാധിപർ ആയിരിക്കുമ്പോൾ ഏറ്റവും പുതിയ ഇംഗ്ളീഷ് പുസ്തകങ്ങളെക്കുറിച്ച് എഴുതാൻ 'പുസ്തക പ്രപഞ്ചം " എന്ന ഒരു കോളം നൽകി. 'എം " എന്ന പേരിലാണ് എഴുതിയത്. എം. കൃഷ്ണൻനായരുമായും ഉറ്റബന്ധമായിരുന്നു.
റവന്യൂ വകുപ്പിലാണ് ആദ്യം ജോലി ലഭിച്ചത്. പിന്നീട് സഹകരണ വകുപ്പിൽ ഉദ്യോഗം. സഹകരണവീഥിയുടെ എഡിറ്ററായും പ്രവർത്തിച്ചു. അപ്പോഴേക്കും മധു മലയാളത്തിലെ അറിയപ്പെടുന്ന കവിയായി വളർന്നു കഴിഞ്ഞിരുന്നു. എല്ലാ ആനുകാലികങ്ങളിലും കവിതകൾ വന്നു. അവാർഡുകൾക്കും അംഗീകാരങ്ങൾക്കും പിറകെ നടന്നില്ല. അതിന് മനസ് അനുവദിച്ചില്ല.
സമയ തീരങ്ങളിൽ, മണൽ ഘടികാരം, ഹിമസാഗരം, ജീവിതത്തിന്റെ പേര്, കുതിരമാളിക, വിവാഹം കഴിയുന്ന ഓരോ വാക്കും, ചെരിപ്പു കണ്ണട അങ്ങനെ നിരവധി സമാഹാരങ്ങൾ.
വാക്കിനെ മകളെ വിവാഹം ചെയ്ത് അയയ്ക്കുന്നതു പോലെ സങ്കല്പിച്ചാണ്, 'വിവാഹം കഴിയുന്ന ഓരോ വാക്കും" എഴുതിയത്. വാക്കുകൾക്കും മൂപ്പുണ്ട്. പ്രായമുണ്ട്.അതറിഞ്ഞുവേണം കവിതയിൽ പരീക്ഷിക്കാൻ. കവിയായി നിന്നു പറയാൻ കഴിയുന്ന കാര്യങ്ങൾ മറ്റു സാഹിത്യ മാദ്ധ്യമങ്ങളേക്കാൾ കവിതയിലൂടെ പറയാനായിട്ടുണ്ടെന്ന് മധു വിശദീകരിക്കുന്നു. ഏറ്റവും ഒടുവിൽ എഴുതിയ കവിത 'വെള്ളം കൊള്ളി" യെന്നായിരുന്നു. കിളിമാനൂരിൽ നിന്ന് ആറ്റിങ്ങലിലേക്കു പോകുമ്പോഴുള്ള ഒരു ബസ് സ്റ്റോപ്പാണ് വെള്ളംകൊള്ളി.
ലോർകയുടെ നാടകം ജെർമ എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട് മധു. അത് ഒരു വിദേശ സുഹൃത്തായ യൂജേനിയയുടെ നിർദ്ദേശപ്രകാരമായിരുന്നു. പ്രണയങ്ങളിലൂടെ കടന്നുപോയില്ലെങ്കിലും പ്രണയാർദ്രമായ മനസുകളിലൂടെ കടന്നുപോകാനായതായി മധു പറയുന്നു.
'പ്രണയം തപസിനെക്കാളും
ഏകാഗ്രമായ്
മനസുകൾ മന്ത്രമുരുക്കഴിച്ച്
ആത്മഹവ്യങ്ങളായി
നേദിച്ചു നേടും വരദീക്ഷയാണ് അത് ദിവ്യവുമാണ്,
അത് നല്ല മനസിൻ
വിളക്കെന്നറിയുക."
പ്രണയത്തെക്കുറിച്ചുള്ള മധുവിന്റെ സങ്കല്പം ഈ വരികളിൽ കാണാം.
എസ്. ജയചന്ദ്രൻനായരുടെ സഹോദരി രാധയാണ് മധുവിന്റെ ഭാര്യ. മൂന്നു മക്കൾ. മൂന്നുപേരും ഐ.ടി രംഗത്താണ്. ബംഗളൂരിൽ ജോലി ചെയ്യുന്നു.
രോഗബാധിതനാണെങ്കിലും തിരുവനന്തപുരത്ത് കുമാരപുരത്തെ വീട്ടിൽ മധുവിന് കൂട്ടിന് എപ്പോഴും കവിതയുണ്ട്.
മേശമേൽ നെരുദയുടെ പ്രണയം (Love) എന്ന കാവ്യസമാഹാരം.
'Tonight I can write
the Saddest lines."
ഈ രാത്രിയിൽ ഏറ്റവും വിഷാദഭരിതമായ വരികൾ താനെഴുതുമെന്ന് നെരുദ പ്രഖ്യാപിക്കുന്നു.
കവി വായന തുടരുന്നു. കവിതയോർക്കുകയും കവിയെ മറക്കുകയും ചെയ്യുന്ന ഈ കാലത്ത് ഒന്നും പ്രതീക്ഷിക്കാതെ മധു. മുഖത്ത് മന്ദഹാസം.
ഏകാന്തതയും വിഷാദവും പ്രണയവും വിരഹവും സൃഷ്ടിച്ച വേനലിൽ കവിയുടെ ആകാശത്ത് നിന്ന് കാവ്യമഴ ഇപ്പോഴും പെയ്യുന്നുണ്ട്.
(കിളിമാനൂർ മധുവിന്റെ ഫോൺ: 9846080374)