മൂങ്ങകൾ സാധാരണ പൊത്തുകളിലാണ് വാസം. എല്ലായ്പ്പോഴും മരപ്പൊത്തുകൾ ആവണമെന്നില്ല.പാറയിടുക്കിലോ മൺതിട്ടകളിലെ പൊത്തുകളിലോ ഒക്കെ കാണാം. കൊമ്പൻ മൂങ്ങയെ അങ്ങനെയുള്ള പാറക്കൂട്ടങ്ങളിലാണ് കൂടുതൽ കണ്ടിട്ടുള്ളത്. ആളൊഴിഞ്ഞ വരണ്ട പാറക്കൂട്ടങ്ങളിലും കുറ്റിക്കാടുകളിലും ഒക്കെ ഇവയെ കാണാം. പേര് സൂചിപ്പിക്കുന്നത് പോലെ തലയ്ക്കു മുകളിൽ ചെറിയ തൂവലുകളുടെ കൊച്ചു രണ്ടു കൊമ്പുകളും ഉണ്ട്. കണ്ണുകളിൽ പേടിപ്പിക്കുന്ന നോട്ടം. മലയാളത്തിൽ ഇതാണ് പേരെങ്കിലും ഇംഗ്ലീഷിൽ അതിന്റെ വാസ സ്ഥലത്തെ സൂചിപ്പിക്കുന്ന ഇന്ത്യൻ റോക്ക് ഔൾ എന്ന പേരാണ്. ഇന്ത്യൻ ബംഗാൾ ഈഗിൾ ഔൾ എന്ന പേരിലും അറിയപ്പെടുന്നു.
പാറക്കൂട്ടത്തിൽ ഇരിക്കുന്ന ഇതിനെ പലപ്പോഴും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. പാറയുടെ അതേ നിറവും പാറപ്പുറത്തിന്റെ പുറത്തു കാണുന്ന ടെക്സ്ചറുമായിരിക്കും. നല്ല വലിയ ഒരു മൂങ്ങയ്ക്ക് അര മീറ്ററോളം നീളവും മുതിരുമ്പോൾ രണ്ടു കിലോയോളം തൂക്കവും ഉണ്ടാവും. പുറം ഇരുണ്ട തവിട്ടു നിറത്തിൽ കറുത്ത പുള്ളികളോട് കൂടിയതാണ്. അടിഭാഗം താരതമ്യേന നേർത്ത തവിട്ടു നിറത്തിൽ നീളത്തിൽ വരയും കുറിയുമൊക്കെ ഉള്ളതാണ്. ഉരുണ്ടു ചുവന്ന കണ്ണുകൾ. ചെറിയ തൂവലുകൾ നിറഞ്ഞ കാലുകൾ. നീണ്ട നഖങ്ങൾ. തലയിലുള്ള തൂവലുകൾ നിറഞ്ഞ ശിഖയാണ് കൊമ്പുകൾ പോലെ തോന്നിക്കുന്നത്. മുഖത്തിന് ചുറ്റും കറുത്ത ഒരു ഔട്ട് ലൈൻ ഉണ്ട് .ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ ഇവയെ കാണാം.
രാത്രിഞ്ചരനായത് കൊണ്ട് പകലെല്ലാം ഇവ നിശബ്ദമായിരിക്കും. ഇരുട്ട് പരന്ന സമയത്തു മാത്രമേ ഇവയുടെ ശബ്ദം മുഴങ്ങി കേൾക്കാറുള്ളു. വെളുപ്പിനും സന്ധ്യാ സമയത്തും. പകലൊക്കെ ഉറങ്ങുന്നതും കണ്ടിട്ടുണ്ട്. എലി, പാമ്പുകൾ മറ്റ് ഇഴജന്തുക്കൾ, പ്രാവ് പോലെയുള്ള പക്ഷികൾ ഒക്കെ ഇവയുടെ ആഹാരമാണ്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ് പ്രജനന സമയം. പാറയിടുക്കിലോ മൺതിട്ടയിലോ ഉള്ള നിരപ്പുള്ള തറയിൽ മങ്ങിയ വെള്ള നിറത്തിലുള്ള മൂന്നോ നാലോ മുട്ടകൾ ഇടുന്നു. ഒരു മാസത്തോളം എടുത്തു കുഞ്ഞുങ്ങൾ വിരിയുന്നു. എല്ലാ വർഷവും ഒരേ സ്ഥലം തന്നെയാണ് മുട്ടയിടാൻ ഉപയോഗിക്കുന്നത്.