ടിറ്റോ വിത്സണെ മലയാളികൾ തിരിച്ചറിയുന്നത് അങ്കമാലിയിലെ യൂക്ലാമ്പ് രാജനായിട്ടാണ്. സിനിമ സ്വപ്നം കണ്ടു നടന്ന ടിറ്റോയുടെ അരങ്ങേറ്റമായിരുന്നു അത്. ആദ്യ വേഷം ഹിറ്റായതോടെ പിന്നെയും തേടി വന്നു നിരവധി അവസരങ്ങൾ. ടിറ്റോയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്..
വില്ലനായി തുടക്കം
അങ്കമാലി ഡയറീസ് കഴിഞ്ഞപ്പോൾ തന്നെ ഞാൻ യൂക്ളാമ്പ് രാജനെ ഉപേക്ഷിച്ചു. തുടക്കം ഗംഭീരമാക്കിയതിന്റെ പേരിലാണ് എല്ലാവരും രാജനെ ഓർത്തിരിക്കുന്നത്. പിന്നീട് വന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിലും പോക്കിരി സൈമണിലും വില്ലനായിരുന്നു. അതിനു ശേഷം മറഡോണ. തനഹയിൽ നായകൻ എന്നൊന്നും പറയാൻ കഴിയില്ല. ആ ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു. ജോലിയോട് താത്പര്യമില്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ്. നായകന്റേതായ പ്രത്യേകതകളൊന്നുമില്ല. എന്തായാലും ടിറ്റോ എന്ന നടനെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. എവിടെ പോയാലും നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾ വന്ന് സംസാരിക്കും. ഇത് സിനിമ എന്ന മേഖലയുടെ പ്രത്യേകതയാണ്.
കാത്തിരിക്കാൻ ക്ഷമയുണ്ട്
എന്നെ തേടി വരുന്ന തിരക്കഥകളിൽ നിന്ന് ഇഷ്ടമായവ തിരഞ്ഞെടുക്കുന്നു. ഒരുപാട് തിരക്കഥകൾ നിരത്തിവച്ചിട്ട് ഇഷ്ടമുള്ളതെടുക്കാമെന്ന അവസ്ഥയിലേക്കൊന്നും എത്തിയിട്ടില്ലല്ലോ.
നല്ല അവസരങ്ങൾ ലഭിക്കാൻ കുറച്ച് കാത്തിരിക്കണം. മറഡോണയ്ക്ക് ശേഷം ഒരു വർഷത്തോളം കാത്തിരുന്നു. വില്ലൻ ഇമേജിൽ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്ന് തോന്നി. മറഡോണയിൽ വ്യത്യസ്തമായ വേഷമായിരുന്നു. അതുകൊണ്ട് ആ സിനിമ പുറത്തിറങ്ങിയിട്ട് മതി അടുത്തതെന്ന് തീരുമാനിച്ചു. ഇല്ലെങ്കിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോയെന്ന് സംശയമുണ്ടായിരുന്നു.
ഞാൻ സിനിമ ചെയ്യുന്നത് എന്റെ സന്തോഷത്തിന് വേണ്ടിയാണ്. നമ്മുടെ ആയുസ് എത്രയാണെന്നൊന്നും അറിയില്ലല്ലോ. ഉള്ള സമയം ആസ്വദിച്ച് ജീവിക്കുന്നതല്ലേ നല്ലത്. അങ്കമാലി ഡയറീസ് കഴിഞ്ഞ് അഞ്ച് മാസത്തോളമെടുത്ത് 11 കിലോ ഭാരം കുറച്ചിട്ടാണ് പോക്കിരി സൈമണിലെ വില്ലനെ അവതരിപ്പിച്ചത്. മുടി വളർത്തി കെട്ടി വച്ചു. തീർത്തും വ്യത്യസ്തമായ ലുക്കായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിക്കായി വീണ്ടും ഭാരം കൂട്ടി. അങ്ങനെ നമ്മളെ കൊണ്ട് കഴിയുന്നത് പോലെ വ്യത്യാസം കൊണ്ടു വരാൻ ശ്രമിക്കുന്നു. അതിൽ സന്തോഷം കണ്ടെത്തുന്നു.
വിമർശനങ്ങൾ സങ്കടമാണ്
ഏറെ കഷ്ടപ്പെട്ടിട്ടും വിമർശനം കേൾക്കേണ്ടി വരുന്നത് വിഷമമാണ്. ഞാൻ എത്രത്തോളം കഠിനാദ്ധ്വാനം ചെയ്യുന്നയാളാണെന്ന് അടുപ്പമുള്ളവർക്ക് അറിയാം. എന്നാൽ പുറത്തുനിൽക്കുന്നൊരാൾക്ക്, ഇയാൾ അഭിനയിക്കുന്നതെല്ലാം വില്ലൻ വേഷമാണല്ലോ, വ്യത്യാസമൊന്നുമില്ലല്ലോ എന്നു തോന്നാം. വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കുമ്പോഴാണ് ഒരാൾ നടനാണോ പെർഫോമറാണോയെന്ന് മനസിലാകുക. അഭിനയവും പെർഫോമൻസും തമ്മിൽ വ്യത്യാസമുണ്ട്. പെർഫോം ചെയ്യാൻ എല്ലാവർക്കും പറ്റും. നിത്യജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ പുനഃരാവിഷ്കരിക്കുന്നതാണ് പെർഫോമൻസ്. അഭിനയത്തിൽ തികച്ചും മറ്റൊരാളായി മാറുകയാണ്.
തുടക്കം ഇങ്ങനെ
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നമുക്ക് എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് ആഗ്രഹമുണ്ടാകുമല്ലോ. ഒരു സിനിമാ നടനാവാനാണ് ഞാൻ ആഗ്രഹിച്ചത്. പിന്നെ സിനിമാ മോഹം ഉപേക്ഷിച്ച് നാടകത്തിലേക്ക് പോയി. തൃശൂർ ഡ്രാമ സ്കൂളിൽ അഭിനയം പഠിക്കാൻ ചേർന്നു. ബാച്ച് ലർ ഒഫ് തിയേറ്റർ ആർട്സ്, ആക്ടിംഗാണ് തിരഞ്ഞെടുത്തത്. ആദ്യമൊക്കെ സംവിധാനത്തിലും മറ്റുമായിരുന്നു ശ്രദ്ധ. പിന്നീട് അഭിനയത്തിലേക്ക് തന്നെ വന്നു.
കോഴ്സ് തീരാറായപ്പോഴാണ് അങ്കമാലി ഡയറീസിന്റെ ഓഡിഷൻ ഡ്രാമ സ്കൂളിൽ നടന്നത്. അത് ഗംഭീരമായ അനുഭവമായിരുന്നു. എന്തെങ്കിലും ചെറിയ റോളായിരിക്കുമെന്നു വിചാരിച്ചാണ് സെറ്റിൽ ചെന്നത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും പ്രധാന വില്ലനാണെന്ന് വിശ്വാസം വന്നില്ല. പ്രിവ്യൂ ഷോ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്. ജീവിതത്തിൽ ഏറ്രവും കൂടുതൽ നന്ദിയുള്ളത് ലിജോ ചേട്ടനോടും ചെമ്പൻ ചേട്ടനോടുമാണ്.
അഭിനയം പഠിച്ചു
പ്ളസ് ടു കഴിഞ്ഞപ്പോൾ അഭിനയം പഠിക്കാനാണ് ഇഷ്ടമെന്ന് പ്രഖ്യാപിച്ചു. വീട്ടുകാർ എതിർത്തില്ല. നിന്റെ ആഗ്രഹം നടക്കട്ടെ. പക്ഷേ, പിന്നീട് ഒന്നുമായില്ലെന്ന ദുഃഖം തോന്നരുതെന്ന് മാത്രം പറഞ്ഞു. അവരുടെ പ്രോത്സാഹനം കൊണ്ടാണ് ഞാനിവിടെ വരെ എത്തിയത്. ദൈവം സഹായിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അല്ലെങ്കിൽ ഞാൻ അവർക്കൊരു തീരാദുഃഖമായി മാറിയേനെ. മുമ്പ് വീടിന്റെ ചുറ്റുവട്ടത്തുള്ളവർ പോലും എന്നെ അത്രയൊന്നും ശ്രദ്ധിച്ചിരുന്നില്ല. സിനിമയിറങ്ങിയതിന് ശേഷം എല്ലാവരും കൃത്യമായി ശ്രദ്ധിക്കാൻ തുടങ്ങി. കാണുമ്പോൾ എന്തുണ്ട്... സുഖമല്ലേ, എന്നൊക്കെ ചോദിക്കും. ആരെങ്കിലും എന്തെങ്കിലും നേടിയെടുത്താൻ മാത്രമേ ആളുകൾ അംഗീകരിക്കുകയുള്ളൂ.
അറിയാവുന്ന തൊഴിൽ അഭിനയമാണ്. സിനിമയിൽ സഹസംവിധായകനാകാൻ ആഗ്രഹിച്ചിരുന്നു. സംവിധാനം ചെയ്യാൻ പ്രാപ്തനാണെന്ന് തോന്നുമ്പോൾ അതിനെ പറ്റി ആലോചിക്കും. ഉടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ല.
ഞാൻ ടിറ്റോ
പലർക്കും സംശയമാണ് എന്റെ പേര് ടിറ്റോ വിൽസൺ എന്നാണോ എന്ന്. വിക്കിപീഡിയയിലൊക്കെ മാർഷൽ എന്നൊരു പേരും കിടക്കുന്നുണ്ട്. പക്ഷേ, അതെന്നെ കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരാണ്. അങ്കമാലി ഡയറീസിൽ അഭിനയിക്കുമ്പോൾ പേര് മാറ്റിയാലോ എന്നൊരു ആലോചനയുണ്ടായിരുന്നു. പിന്നെ അതിന്റെ ആവശ്യമില്ലെന്ന് തോന്നി. സൗഹൃദങ്ങളാണ് സിനിമയിലേക്ക് വഴിതുറന്നത്. അവർക്ക് എന്നെ കുറിച്ച് നല്ല ആത്മവിശ്വാസമുണ്ട്. പതറിപ്പോകാവുന്നിടത്തെല്ലാം വീട്ടുകാരും കൂട്ടുകാരും ഒപ്പം നിന്നു. ഏറ്റവും സഹായിച്ചിട്ടുള്ളതും ഉപദ്രവിച്ചിട്ടുള്ളതും സുഹൃത്തുക്കൾ തന്നെയാണ്.