ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഇതിൽ ഒരു മണ്ഡലം ദക്ഷിണേന്ത്യയിലായിരിക്കുമെന്നാണ് സൂചന. കർണാടകയിലെ ബംഗളൂരു സൗത്ത് പരിഗണയിലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും മോദി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. വാരാണസി, വഡോദര എന്നീ മണ്ഡലങ്ങളായിരുന്നു അത്. രണ്ടിലും ജയിച്ചെങ്കിലും വാരാണസി നിലനിർത്തി.
കർണാടകയിലെ 28 മണ്ഡലങ്ങളിൽ 23 ലെയും സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബംഗളൂരു സൗത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ മണ്ഡലമാണു ബംഗളൂരു സൗത്ത്. ഇവിടെ അനന്ത്‌കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മോദി വരികയാണെങ്കിൽ തേജസ്വനി പിൻമാറും.