modi

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം കടന്നിരിക്കേ, വിദേശ നിക്ഷേപകലോകം ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഭരണത്തുടർച്ച. നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ ഏറിയേക്കുമെന്ന വിലയിരുത്തലുകളുടെ പിൻബലത്തിൽ ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടുകയാണ് വിദേശ നിക്ഷേപകർ.

ഇന്ത്യൻ ഓഹരി വിപണിയിൽ, വിദേശ നിക്ഷേപകരുടെ 'ലോംഗ്‌ഷോർട്ട്' അനുപാതം ഇപ്പോൾ 63 ശതമാനമാണ്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അനുപാതം, 50 ശതമാനത്തിന് മുകളിൽ ആയാൽ ഇന്ത്യൻ വിപണി ഏറെ ആകർഷകമാണെന്നാണ് വിലയിരുത്തപ്പെടുക. 50 ശതമാനത്തിന് താഴെയായാൽ, നിക്ഷേപത്തിന് അനുകൂലമല്ല എന്നും. വരും നാളുകളിൽ അനുപാതം ഉയർന്നു തന്നെ തുടരുമെന്നാണ് സൂചനകൾ.

ഈമാസം ഇതുവരെ 27,000 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒരുമാസം ലഭിക്കുന്ന ഏറ്രവും ഉയർന്ന നിക്ഷേപമാണിത്. 2017 മാർച്ചിൽ ലഭിച്ച 33,800 കോടി രൂപയാണ് ഇതിനു മുമ്പത്തെ ഉയർന്ന നിക്ഷേപം. ഉത്തർപ്രദേശ് അടക്കമുള്ള പ്രമുഖ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കാഴ്ചവച്ച മികച്ച വിജയമാണ് അന്നും നിക്ഷേപകരെ സ്വാധീനിച്ചത്. നിക്ഷേപകർക്കിടയിലെ എൻ.ഡി.എ അനുകൂല ട്രെൻഡ്, ഈമാസം നിഫ്റ്രിക്ക് 6.75 ശതമാനം കുതിപ്പും സമ്മാനിച്ചു. വിദേശ നിക്ഷേപകർ ഏറ്റവുമധികം പണമൊഴുക്കുന്ന ബാങ്ക് നിഫ്റ്റി സൂചിക പതിനൊന്ന് ശതമാനമാണ് കുതിച്ചത്.

നിലവിൽ ബാങ്ക് നിഫ്റ്റി സർവകാല ഉയരത്തിലാണുള്ളത്. വെറും രണ്ടു ശതമാനം കൂടി മുന്നേറിയാൽ, നിഫ്റ്രിക്കും സർവകാല റെക്കാഡുയരം കുറിക്കാം. ഇപ്പോൾ 11,456ലാണ് നിഫ്റ്രിയുള്ളത്. കഴിഞ്ഞ ആഗസ്റ്ര് 28ന് കുറിച്ച 11,760 പോയിന്റാണ് നിലവിലെ റെക്കാഡ്.