തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് റിക്കാർഡുകളും തകർത്ത് മുന്നേറുകയാണ്. വരും ദിവസങ്ങളിലും വലിയ താപനിലയ്‌ക്കുതന്നെയാണ് സാദ്ധ്യത. 23, 24 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് മുതൽ മൂന്ന് വരെ ചൂട് ഉയർന്നേക്കും. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് വരെ ഡിഗ്രി വരെയാണ് ചൂടിന്റെ കാഠിന്യമേറുക.
വേനൽ കടുത്തതോടെ ശീതള പാനീയങ്ങൾക്ക് കടകളിൽ വൻ വിൽപ്പനയാണ്. ചൂടിൽ നിന്നും ശമനം നേടാൻ തണുത്ത ജ്യൂസുകളാണ് ഏവരെയും ആകർഷിക്കുന്നത്. അതേസമയം, കടകളിലെ ശുചിത്വത്തെ കുറിച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കടകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പരിശോധന നടത്തി.
വൃത്തിഹീനമായ അവസ്ഥയിൽ പ്രവർത്തിച്ച കടകൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ പരിസരവും പാനീയങ്ങൾക്കായി പഴകിയ പഴവർഗങ്ങളും ഉപയോഗിച്ചവർക്കെതിരെയാണ് നോട്ടീസ്. കൂടുതൽ പരിശോധനകൾ നടത്തുന്നതിനായി വെള്ളത്തിന്റെയും ഐസിന്റെയും സാമ്പിളുകളും ശേഖരിച്ചു. നിരവധി നിർദ്ദേശങ്ങളും കടയുടമകൾക്ക് ഡി.എം.ഒ നൽകി. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസ് ഉപയോഗിക്കരുത്, ശീതള പാനിയങ്ങൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾവൃത്തിയായി സൂക്ഷിക്കണം തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.
ഭൂഗർഭ ജല ഉപയോഗം ഗണ്യമായി വർധിക്കുന്ന വേനൽക്കാലത്ത് ജലവിതാനം ക്രമാതീതമായി താഴോട്ട് പോകുകയാണ്. പ്രാദേശിക ജലലഭ്യത കുറയുന്നത് പ്രശ്‌നങ്ങൾ രൂക്ഷമാക്കും. സൂര്യാഘാതം ഉണ്ടാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. തൊലിയിൽ കുമിളകൾ പോലെ പൊങ്ങിവരികയും അസഹനീയമായ വേദന അനുഭവപ്പെടുകയും തൊലി ചുവന്ന് തുടുത്ത് ചൂട് വമിക്കുന്ന അവസ്ഥ വരികയും ചെയ്യുന്നത് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകും. പനി, നാഡീ മിടിപ്പ് വർധന, വിളര്‍ച്ച, തളർച്ച, ക്ഷീണം എന്നിവയെല്ലാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
ശരീരത്തിന്റെ തണുപ്പിക്കാനുള്ള സംവിധാനങ്ങൾ പ്രവർത്തന രഹിതമാകുന്നതാണ് ശരീര ചൂട് വർധനവിന് മുഖ്യകാരണം. ശരീരം അമിതമായി വിയർക്കുന്നതിനാൽ ശരീരജലാംശം വളരെ പെട്ടെന്ന് കുറഞ്ഞുവരും. പകൽ കൂടുതൽ സൂര്യാതാപമേറ്റാൽ സൂര്യാഘാതമുണ്ടാകും.
സൂര്യാഘാതം: ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1-വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ. ഇവ കണ്ടാലുടൻ വൈദ്യസഹായം തേടണം.
2-വിയർപ്പിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ് താപശരീരശോഷണം അഥവാ ഹീറ്റ് എക്സ്ഹോഷൻ. അമിത വിയർപ്പ്, പേശീവലിവ്, ക്ഷീണം, തലകറക്കം, തലവേദന, ഛർദ്ദി, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ഇതിനും ചികിത്സ തേടണം.
3-ഓരോ മണിക്കൂറിലും 2-4 ഗ്ളാസ് വെള്ളം കുടിക്കണം. മുന്തിരി, തണ്ണിമത്തൻ, മാതളം, ഓറഞ്ച് , എന്നിവ കഴിക്കുക. സംഭാരം, ഉപ്പിട്ട, കഞ്ഞിവെള്ളം , നാരങ്ങാവെള്ളം, രാമച്ചമിട്ടവെള്ളം എന്നിവ കുടിക്കുക. അധികവ്യായാമവും കായികാദ്ധ്വാനവും പാടില്ല. കറ്റാർവാഴയുടെ പൾപ്പ്, തൈര് എന്നിവ ചർമ്മത്തിൽ പുരട്ടുക.
4-അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വെയിൽ കൊള്ളരുത്. കുട്ടികളെയും ഗർഭിണികളെയും വൃദ്ധരെയും വെയിലത്ത് പാർക്ക് ചെയ്ത കാറുകളിൽ ഇരുത്തരുത്.
മഴ ഇനി എന്ന്?
ഭൂമധ്യരേഖയ്‌ക്ക് സമാന്തരമായുള്ള മേഘപടലങ്ങൾ രൂപപ്പെട്ട് ഇവ വടക്ക് കിഴക്കോട്ട് നീങ്ങിയാൽ (മാഡൻ ജൂലിയൻ ഓസിലേഷൻ) കേരളത്തിന്റെ തെക്കൻ പ്രദേശത്ത് വേനൽമഴ ലഭിക്കും. ന്യൂനമർദം രൂപപ്പെട്ടാൽ മാത്രമേ പ്രതീക്ഷിക്കുന്ന വേനൽ മഴ ലഭിക്കൂ.