rahul-gandhi-vs-pp-suneer

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന നൽകിയ കോൺഗ്രസ് നേതാക്കന്മാരുടെ ആവേശം ഇരുട്ടിവെളുത്തപ്പോൾ കുറഞ്ഞു. അന്തിമ തീരുമാനം രാഹുലിന്റേതാണെന്ന് വ്യക്തമാക്കിയ കെ.പി.സി.സി പ്രസിഡന്റ് ഇന്ന് രാവിലെ വിളിച്ചിരുന്ന വാർത്താ സമ്മേളനവും റദ്ദാക്കി. സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ നാളെ ചേരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയാകും അന്തിമ തീരുമാനം എടുക്കുക. ഇതിന് ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കാമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. വയനാട് സീറ്റിൽ അന്തിമ തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധി തന്നെയായിരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇന്ന് രാവിലെ വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്ന വിമർശനം കൂടി പരിഗണിച്ച ശേഷമേ രാഹുൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, കോൺഗ്രസ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തന്നെ ഇറക്കി ദക്ഷിണേന്ത്യയിൽ തരംഗമുണ്ടാക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയും ഞെട്ടലോടെയാണ് കാണുന്നത്. അതിനാൽ തന്നെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ ഇറക്കി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നിലവിൽ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനാണ് വയനാട് സീറ്റ് നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി തന്നെ വയനാട് മത്സരിക്കുകയാണെങ്കിൽ ഈ സീറ്റ് ഏറ്റെടുത്ത് ദേശീയ രാഷ്ട്രീയത്തിൽ കരുത്തനായ ഒരു നേതാവിനെ ഇറക്കാനാണ് ബി.ജെ.പി നീക്കം. ഇതിനായി ബി.ജെ.പിയിൽ തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. രാഹുലിന്റെ സ്ഥാനാർ‌ത്ഥിത്വത്തിൽ അന്തിമ തീരുമാനം വന്നശേഷമേ ഇക്കാര്യത്തിൽ തങ്ങളുടെ തീരുമാനം അറിയിക്കൂ എന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. തങ്ങൾക്ക് വളക്കൂറുള്ള മണ്ണല്ലെങ്കിൽ പോലും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലം എന്ന നിലയിലാണ് വയനാടിനെ ബി.ജെ.പി പരിഗണിക്കുന്നത്.

rahul-gandhi-vs-pp-suneer

അതിനിടെ, ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തിൽ രാഹുൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. ബി.ജെ.പിയല്ല ഇടതുപക്ഷ മുന്നണിയാണ് തങ്ങളുടെ എതിരാളിയെന്ന് സമ്മതിക്കുന്ന രീതിയിലാണ് കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള കുറ്റപ്പെടുത്തി. ന്യൂനപക്ഷ വോട്ടുകൾ കിട്ടാനുള്ള വെറും തന്ത്രമായിട്ട് മാത്രമേ ഇപ്പോഴത്തെ നീക്കത്തെ കാണാനാകൂ. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിനെ തുടർന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അത് കോൺഗ്രസിലെ ആഭ്യന്തര കാര്യം. എന്നാൽ കേരളത്തിൽ ബി.ജെ.പിയ്ക്ക് ശക്തിയില്ലെന്നും ജനങ്ങൾക്കിടയിൽ സ്വാധീനമില്ലാത്ത കക്ഷിയായിട്ട് മാത്രേ അവരെ കാണുന്നുള്ളൂവെന്നും എസ്.ആർ.പി പറഞ്ഞു. കേരളത്തിൽ കോൺഗ്രസിനെ നേരിടാൻ വേണ്ട ശക്തിയും കരുത്തും ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ച ടി.സിദ്ധീഖ് പിന്മാറിയെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീർ ഇപ്പോഴും പ്രചാരണ രംഗത്ത് സജീവമാണ്. രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നതോടെ സി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ച് സീറ്റ് സി.പി.എം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും പാർട്ടി നേതൃത്വം ഇക്കാര്യം നിഷേധിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സി.പി.എം തീരുമാനം.