man

ആരുടെയും മനസിൽ നിന്ന് അത്ര പെട്ടെന്ന് മായുന്ന മുഖമല്ല ചാലക്കുടിക്കാരൻ മണിച്ചേട്ടന്റേത്. ഈ ചാലക്കുടിക്കാരൻ ഈ നാട് വിട്ടെങ്ങും പോയിട്ടില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. ഇന്നും തോരാത്ത കണ്ണീരാണ് മലയാളിക്ക് കലാഭവൻ മണി. ആ വേർപാട് ഞെട്ടലോടെയാണ് ലോകം കേട്ടത്.

തെല്ലു തെക്കേപുറത്തെ മുറ്റത്തെ ആറടി മണ്ണിൽ ഉറങ്ങുന്ന മണിയോർമയിൽ കുറച്ച് നേരം അലിഞ്ഞുചേരാൻ ഇന്നും ചാലക്കുടിയിലെ വീട്ടിന്റെ മുറ്റത്ത് ഒരു തീർത്ഥാടനം പോലെ നിരവധി പേർ എത്താറുണ്ട്. ഇപ്പോഴിതാ കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടിൽ സ്ഥാപിച്ച പ്രതിമയിൽ നിന്ന് അത്ഭുത വാർത്ത പുറത്തുവരുന്നു. കലാഗൃഹത്തിൽ സ്ഥാപിച്ച പൂർണകായ പ്രതിമയിൽ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്നതയായി നാട്ടുകാർ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

രക്തനിറത്തിലുള്ള ജലം പ്രതിമയുടെ കൈയിൽനിന്നും ഇറ്റു വീഴുന്നു എന്നറിഞ്ഞ് നിരവധി പേരാണ് ശിൽപം കാണാൻ എത്തുന്നത്. എട്ടടി ഉയരത്തിൽ ഫൈബറിൽ നിർമ്മിച്ച പ്രതിമയുടെ ശിൽപി മണിയുടെ സുഹൃത്തായ ഡാവിഞ്ചി സുരേഷാണ്. പ്രളയ സമയത്ത് പ്രതിമയ്ക്കുള്ളിൽ കയറിയ ജലം ഏതെങ്കിൽ തരത്തിൽ പുറത്തേക്ക് ഒഴുകുന്നതാവാമെന്നാണ് ശിൽപി ഡാവിഞ്ചി സുരേഷ് പറയുന്നത്. സംഭവത്തിന് പിന്നാലെ സുരേഷ് സ്ഥലം സന്ദർശിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് മണിയുടെ മുഖത്ത് നിന്നും അച്ചെടുത്ത് വച്ചിരുന്നത് പ്രതിമയുണ്ടാക്കാൻ സുരേഷിന് സഹായകമായിരുന്നു.