പാട്ന: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു പിന്നോട്ടില്ലെന്നു ഉറപ്പിച്ച് ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ. ബീഹാറിലെ ബെഗുസാര മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായാണ് കനയ്യ മത്സരിക്കാൻ ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് ഇടതു പാർട്ടികൾ ഇതു സംബന്ധിച്ച തീരുമാനത്തിൽ എത്തിയത്.
ബെഗുസരായിൽ ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായാണ് കനയ്യകുമാർ മത്സരിക്കുന്നത്. പാർട്ടി പിന്തുണയില്ലാതെ കനയ്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. സീറ്റ് വിഭജനത്തെ തുടർന്ന് സി.പി.ഐ - സി.പി.എം കക്ഷികളെ മഹാസഖ്യം പൂർണമായി തഴയുകയും കനയ്യക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു. ഇടതു പാർട്ടികൾക്കു ബിഹാറിൽ വിജയസാദ്ധ്യത ഇല്ലാത്തതിനാൽ കനയ്യയെ മത്സരിപ്പിച്ചാൽ തിരിച്ചടിയാകും എന്ന കണക്കൂകൂട്ടലിലാണ് സീറ്റ് നൽകാതിരുന്നത്.
കനയ്യ കുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യനാരായണൻ സിംഗ് വ്യക്തമാക്കി. സി.പി.ഐയ്ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ബെഗുസാര. കനയ്യ കുമാർ മത്സരിക്കുമെന്ന കാര്യം ഉറപ്പായതോടെ ഒരു ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ് ഇവിടെ.
ഗിരിരാജ് സിംഗാണ് ബെഗുസാരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകുന്നത്. ആർ.ജെ.ഡിയുടെ തൻവീർ ഹസൻ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. കനയ്യയും തൻവീറും ബെഗുസാരയിൽ നിന്ന് തന്നെ ഉള്ളവരാണ്. ഇതോടെ ശക്തമായ മത്സരമായിരിക്കും ഇവിടെ നടക്കുക.