തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ രാഹുലിന്റെ വിജയത്തിന് വേണ്ടി കേന്ദ്രീകരിച്ചാൽ മറ്റ് മണ്ഡലങ്ങളിൽ വിജയമുറപ്പിക്കാമെന്നത് കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ മലർപൊടിക്കാരന്റെ സ്വപ്നമാണെന്നും ചെന്നിത്തല ആരോപിച്ചു.
അന്ധമായ കോൺഗ്രസ് വിരോധം വച്ചു പുലർത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും, ഇടത് മുന്നണിയുടേയും അവസരവാദ സമീപനമാണ് ഇതോടെ പുറത്ത് വന്നത്. സീതാറാം യച്ചൂരി മുന്നോട്ട് വച്ച മതേതര പ്ലാറ്റ്ഫോമിനെ പൊളിച്ച പിണറായി വിജയന് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കാൻ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ സുവർണ്ണാവസരമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം. എതിർ കക്ഷി ബി.ജെ.പിയാണെങ്കിൽ വയനാട്ടിൽ രാഹുലിനെതിരായ പോരാട്ടത്തിൽ നിന്ന് പിൻമാറാൻ ഇടത് മുന്നണി ഒരുക്കമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഇരുപതിൽ ഇരുപതു സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ ആശങ്കയെന്നും, അതുകൊണ്ടാണ് രാഹുൽ മത്സരിക്കുന്നതിനെതിരെ ഇടത് മുന്നണി രംഗത്തെത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.