lottery

പത്തനംതിട്ട: ഒന്നാം സമ്മാനമായ 80ലക്ഷം അടിച്ച ലോട്ടറി ഉടമയെ കാത്തിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ ഒരു ലോട്ടറി ഏജൻസി. ഇന്നലെ നറുക്കെടുപ്പ് നടന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80ലക്ഷം അടിച്ച ഭാഗ്യശാലിയെയാണ് ഏജൻസി തേടുന്നത്. പത്തനംതിട്ടയിലെ ചിറ്റാറിലുള്ള റെഡ് ചില്ലീസ് ലക്കി സെന്റർ വിറ്റ 'കെബി 114954' നമ്പർ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം അർഹമായത്.

ഇന്നലെ വൈകിട്ട് പത്തനംതിട്ട ലോട്ടറി ഓഫിസിൽ നിന്ന് വിവരം അറിഞ്ഞതു മുതൽ ഉടമയെ തേടി നടക്കുകയാണ് ഏജൻസിക്കാർ. സ്ഥിരമായി കൂട്ടമായി ടിക്കറ്റ് വാങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആരെങ്കിലുമാകാം ഉടമയെന്നാണ് കരുതുന്നത്. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവരോട് വിവരം തിരക്കിവരികയാണ്. നേരിട്ട് വിൽപന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ആദ്യമായാണ് ഇവിടെ നിന്നു വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്.

മുൻപ് സി.പി.എം ചിറ്റാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഇപ്പോൾ പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ പി.ബി. ബിജുവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷെഫീഖും ചേർന്ന് 9 മാസം മുൻപാണ് ലക്കി സെന്റർ ആരംഭിച്ചത്. ബിജുവാണ് ലൈസൻസി.