1. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആകുന്ന കാര്യത്തില്‍ തീരുമാനം ഇന്നില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. വയനാടിന്റെ കാര്യത്തില്‍ നാളെ തീരുമാനം പ്രതീക്ഷിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാടിന്റെ കാര്യത്തില്‍ തീരുമാനം നീട്ടരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല. നാളത്തെ തിരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യം
2. വയനാട് സീറ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി. രാഹുലിന്റെ അംഗീകാരം ലഭിക്കുക മാത്രമേ ഇനി വേണ്ടൂ. മത്സരിക്കണം എന്ന് കെ.പി.സി.സി ആവശ്യം ഉന്നയിച്ചു എന്നും ഉമ്മന്‍ചാണ്ടി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം രാഹുല്‍ സമ്മതിച്ചു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കില്‍ അതില്‍ വസ്തുത ഇല്ലെന്ന് പി.സി ചാക്കോ. ാരഹുല്‍ഗാന്ധി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല
3. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി വിവരം. ഉത്തര്‍പ്രദേശിലെ വാരണാസിക്ക് പുറമെ, ബംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിക്കും എന്ന് സൂചന. ദക്ഷിണേന്ത്യയില്‍ മോദിയുടെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്ന് നേതാക്കള്‍
4. 1991 മുതല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള ബംഗളൂരു സൗത്തില്‍ മോദി എത്തുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും എന്നും വിലയിരുത്തല്‍. മോദി എത്തും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ബംഗളൂരു സൗത്ത് ഒഴിവാക്കി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മോദി സൗത്തില്‍ മത്സരിച്ചാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്ന് വിവരം
5. കോണ്‍ഗ്രസിന്റെ വനിതാ നേതാവും ഡി.സി.സി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്ക്ക് എതിരെ ഓച്ചിറ പൊലീസ് പോക്‌സോ കേസെടുത്തു. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് അവിടെയെത്തിയ ബിന്ദു കൃഷ്ണ, കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോട് ഒപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് ബിന്ദുവിനെതിരെ കേസെടുത്തതെന്ന് പൊലീസ്
6. ഇരയെ തിരിച്ചറിയാന്‍ ഇടവരുന്ന വിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് പോക്‌സോ നിയമ പ്രകാരം ഇന്നലെ രാത്രി പത്തുമണിയോടെ ഓച്ചിറ പൊലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് ബിന്ദു ഫേസ്ബുക്കില്‍ നിന്ന് തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്ക് എതിരെയും അന്വേഷണം ആരംഭിച്ചതായി പൊലീസ്
7. സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ കനത്ത സൂര്യാഘാതത്തിന് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
8. ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതിയെ ഹാജരാക്കുക. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. സംഭവം നടന്ന സ്ഥലത്തെ കുറിച്ച് അവ്യക്തത ഉണ്ടെന്ന് അന്വേഷണ സംഘം
9. പ്രകാശന്റെ ഡി.എന്‍.എ പരിശോധനക്കുളള സാംപിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയില്‍, യുവതി പൊലീസിന് നല്‍കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് സെഷന്‍ 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിന് പിന്നില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്.
10. ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴി എടുത്തതോടെ ആണ് താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന വിവരം പുറത്തായത്. സി.പി.എം പോഷക സംഘടനാ പ്രവര്‍ത്തക ആയിരിക്കെ പാര്‍ട്ടി ഓഫീസിലെത്തിയ താന്‍ അതേ സംഘടനയില്‍പ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി.