smrithi-irani-rahul

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ അമേത്തിയിൽ നിന്ന് പുറത്താക്കിയതാണെന്ന പരിഹസവുമായി കേന്ദ്രമന്ത്രി സമൃതി ഇറാനി. ട്വിറ്ററിലൂടെയാണ് സ്‌മൃതി ഇറാനിയുടെ പരിഹാസം. ‘അമേത്തി രാഹുൽ ഗാന്ധിയെ പുറത്താക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ജനവിധി തേടണമെന്ന് ആവശ്യമുയർന്നു എന്ന് പറയുന്നതൊക്കെ നാടകമാണ്. ജനങ്ങൾ രാഹുലിനെ പിന്തള്ളിക്കഴിഞ്ഞു. പോകൂ രാഹുൽ ജീ...‘- സമൃതി ട്വിറ്ററിൽ കുറിച്ചു.

തൊട്ടുപിന്നാലെ സ്‌മൃതിക്ക് മറുപടിയുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല രംഗത്തെത്തി. ചാന്ദനി ചൗക്കിലും,​ അമേത്തിയിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്‌മൃതി ഇറാനി രാജ്യസഭാ എം.പിയാണ് എന്നത് മറക്കരുതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത്തവണ അമേത്തിക്കു പുറമെ രാഹുൽഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ,​ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

2014ൽ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽഗാന്ധി സ്‌മൃതി ഇറാനിയെ തോൽപ്പിച്ചത്. അമേത്തിയിൽ വീണ്ടും ഇരുവരും നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുന്നതിനിടെയാണ് രാഹുലിനെ ദക്ഷിണേന്ത്യയിൽ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചത്.