തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന് ശേഷം കേരള രാഷ്ട്രീയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രന്റേതാണ്. സോഷ്യൽ മീഡിയയിൽ മികച്ച രീതിയിലുള്ള ഇടപെടൽ നടത്തുന്ന സുരേന്ദ്രനെതിരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ തനിക്കെതിരെ ഉള്ളി സുര എന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുന്നവർക്ക് ഒരു തരം മനോരോഗമാണെന്ന് സുരേന്ദ്രൻ പറയുന്നു. ഒരു മലയാളം ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുന്നത്.
ഞാൻ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ സാധാരണ ഭാഷയിലാണ് സോഷ്യൽ മീഡിയയിൽ എഴുത്തുന്നത്. അതുകൊണ്ട് തന്നെ ഞാൻ പറയുന്നതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ എന്താണ് പറയുന്നതെന്ന് പോലും നോക്കാതെ ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നവർ ഒരു തരം മനോരോഗത്തിന് അടിമപ്പെട്ടവരാണ്. വായിക്കാൻ ആളുണ്ടാകുമ്പോൾ സ്വഭാവികമായും എതിർപ്പുകൾ ഉണ്ടാകും. സാധാരണക്കാരോട് സംവദിക്കാൻ വേണ്ടിയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. വിമർശനങ്ങൾ പോസിറ്റീവായി എടുക്കുന്നു. ശക്തമായി ഇടപെടുന്നത് കൊണ്ടാണ് തനിക്കെതിരെ ട്രോളുകൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രൻ പറയുന്നു. കുമ്മനം രാജശേഖൻ തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ പാനലിന് കൂടുതൽ സ്വീകാര്യത ലഭിക്കും. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എൽ.ഡി.എഫിനും യു.ഡി.എഫിനും അവകാശപ്പെടാൻ കഴിയുന്നതുപോലെയുള്ള വിജയം ഞങ്ങൾക്കും അവകാശപ്പെടാൻ കഴിയുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.