ഒരാൾക്കു ഒരേസമയം ഒന്നിലേറെ പ്രവൃത്തികൾ ചെയ്യാനാകുമോ? വായിക്കുന്നതിനിടെ ചിന്തിക്കാനും ചിന്തിക്കുന്നതിനിടെ എഴുതാനും എഴുതുന്നതിനിടെ സംസാരിക്കാനും സംസാരിക്കുന്നതിനിടെ മറ്റെന്തെങ്കിലും ചെയ്യാനും കഴിഞ്ഞേക്കാം. ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നതിൽ തെറ്റില്ലെന്നു പറയുന്നവരാവും അധികവും. ഇത് വളരെ എളുപ്പമാണെന്നു തോന്നാമെങ്കിലും അതത്ര എളുപ്പമല്ല. കാരണം ഒരുനേരം പല കാര്യങ്ങളിൽ മനസ് വ്യാപരിക്കുമ്പോൾ ഒന്നിലും പൂർണശ്രദ്ധ ചെലുത്താനാവില്ല. പൂർണശ്രദ്ധ ചെലുത്താനാകാത്തിടത്ത് പൂർണസമർപ്പണവും സാധ്യമാവില്ല. പൂർണസമർപ്പണം ഉണ്ടാകുമ്പോഴാണ് ഏതൊരു പ്രവൃത്തിയും സഫലമാകുന്നത്. ഈ സാഫല്യതയാണ് നിർവൃതിയുടെ കേദാരം.
ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും പൂർണശ്രദ്ധ പതിയാതിരിക്കുകയാണെങ്കിൽ പ്രവൃത്തിയും ചെയ്യുന്നയാളും തമ്മിലുള്ള പാരസ്പര്യം അപൂർണമായിരിക്കും. അങ്ങനെയായാൽ പ്രവൃത്തി ഭാരമായി അനുഭവപ്പെടും. ഇടപെടുന്ന ഓരോ നിമിഷവും നിശ്ചലമായി നില്ക്കുകയാണെന്നും തോന്നും. ചിലർ വായിക്കാനിരുന്നാൽ പുസ്തകം തുറന്നിരിക്കും, മനസിനുള്ളിൽ മറ്റുവിഷയങ്ങൾ പെരുകിക്കൊണ്ടിരിക്കും. ഇങ്ങനെ ഒരാളുടെ അനുവാദത്തോടെയല്ലാതെ മനസിനുള്ളിൽ കടന്ന് കരകവിയുന്ന വിഷയങ്ങൾ കൊണ്ട് അയാൾക്കു യാതൊരു പ്രയോജനവുമുണ്ടാവുകയില്ല. മണ്ണിലെഴുതുന്ന അക്ഷരങ്ങൾ വെള്ളം കൊണ്ടുപോകും പോലെ വ്യർത്ഥം. ഏതൊരു പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴും വേണ്ടുംവണ്ണം പൂർത്തിയാക്കണമെന്ന ആഗ്രഹമുണ്ടാവണം. അതിൽ നിന്നാണു പ്രവൃത്തി ചെയ്യാനുള്ള നിഷ്ഠയുണ്ടാകുന്നത്. നിഷ്ഠയുണ്ടെങ്കിലേ ഫലപ്രദമായ തുടർച്ചയുണ്ടാവുകയുള്ളൂ. അത്തരം പ്രവൃത്തിയിലേർപ്പെടുമ്പോൾ എത്രനേരം കടന്നുപോയെന്ന ചിന്തയേ ഉണ്ടാവില്ല. ശ്രദ്ധയും നിഷ്ഠയും ഒന്നിക്കുമ്പോഴുണ്ടാകുന്ന ഗുണമാണിത്.
ശ്രദ്ധയില്ലാത്തവന് നിഷ്ഠയും ജ്ഞാനവുമുണ്ടാവില്ലെന്നാണു പണ്ഡിതമതം. അത്തരക്കാരനു നേരേചൊവ്വേ ജോലി ചെയ്തു തീർക്കാനാവുകയുമില്ല. അലസമായിരിക്കും മാനസം. ഒരുനേരം രണ്ടു മുയലിനെ വേട്ടയാടാൻ പോയാൽ എന്തായിരിക്കും ഫലം. ഒന്നു നഷ്ടപ്പെടും. മറ്റൊന്നിനെ കിട്ടുകയുമില്ല. ശ്രദ്ധയുള്ളവനേ ലാഭമുണ്ടാകൂ എന്നൊരു പഴമൊഴിയുണ്ട്. ലാഭമെന്നതുകൊണ്ട് വിവക്ഷിക്കുന്നത് ധനലാഭമല്ല. മറിച്ച് ജ്ഞാനലാഭമാണ്. ഒരിക്കലും നശിക്കത്തതെന്തോ അതാണ് ലാഭം. ഇന്നത്തെ മനുഷ്യൻ ലാഭമെന്നു പറയുന്നത് നാളെ നഷ്ടപ്പെടാനിടയുളള ചില വിനിമയമൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്.
ഒരിക്കൽ ഒരു നാട്ടാചാര്യന്റെ കളരിയിൽ പുതുതായി സമ്പന്നനായ ഒരു വിദ്യാർത്ഥി വന്നുചേർന്നു. ഗ്രാമത്തിലെ ഏറ്റവും വലിയ കച്ചവടക്കാരന്റെ മകൻ. മറ്റു കുട്ടികളെല്ലാം സാധുക്കളും സാധാരണക്കാരുമായിരുന്നു. അവർ വെറും പായിലിരുന്നാണ് പഠിച്ചിരുന്നത്. സമ്പന്നനായ വിദ്യാർത്ഥി സുഖമായ ഇരിപ്പിനു സ്വന്തമായൊരു പഞ്ഞിമെത്തയുമായിട്ടാണ് വന്നിരുന്നത്. അവൻ എപ്പോഴും ധനലാഭത്തെക്കുറിച്ചു മാത്രം പറഞ്ഞുകൊണ്ടിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് ആചാര്യൻ കുട്ടികളുടെ പഠന നിലവാരമറിയാൻ പരീക്ഷ നടത്തിയപ്പോൾ അവൻ ഏറ്റവും പിന്നിലായി. അവരുടെ ബുദ്ധിയും ചിന്തയും പരീക്ഷിക്കാനായി ആചാര്യൻ മറ്റൊരു പരീക്ഷണം കൂടി നടത്തി. കുട്ടികളെല്ലാം കളരിയിലെത്തിയപ്പോൾ ആചാര്യൻ ഓരോരുത്തർക്കായി ഓരോപറ നെല്ല് കൊടുത്തു. എന്നിട്ട് പറഞ്ഞു :
'ഈ നെല്ല് കൊണ്ടോ അതു വിറ്റുകിട്ടുന്ന പണംകൊണ്ടോ നിങ്ങളുടെ വീടിനകം നിറയ്ക്കണം. അതാകട്ടെ എല്ലാവർക്കും പ്രയോജനപ്പെടുകയും വേണം."
കുട്ടികൾ സന്തോഷത്തോടെ നെല്ലുമായി വീടുകളിലെത്തി. ചിലർ അതുകൊണ്ട് പലവിധ പലഹാരങ്ങളുണ്ടാക്കി വച്ചു. മറ്റുചിലർ അതു വിറ്റ് കിട്ടിയ പണംകൊണ്ട് വിലകുറഞ്ഞ പലതരം വസ്തുക്കൾ വാങ്ങിവച്ചു. പക്ഷേ അതുകൊണ്ടൊന്നും വീടിനകം നിറഞ്ഞില്ല. കച്ചവടക്കാരന്റെ മകനാകട്ടെ നെല്ലിന്റെ പണംകൊണ്ട് വിലകുറഞ്ഞ പഞ്ഞി വാങ്ങി വീടിനകം നിറച്ചു. ഒരു വിദ്യാർത്ഥി മാത്രം നെല്ലുവിറ്റ് കുറെ എണ്ണയും ചന്ദനത്തിരികളും വാങ്ങി. എണ്ണ വിളക്കിലൊഴിച്ച് നിറയെ തിരിയിട്ട് കത്തിച്ചുവച്ചു. ചന്ദനത്തിരികളും കൊളുത്തിവച്ചു. പ്രകാശവും സുഗന്ധവും വീടിനകം നിറഞ്ഞുകവിഞ്ഞു. അതറിഞ്ഞ ആചാര്യൻ അവനെ വിളിച്ചു പ്രശംസിച്ചു. എന്നിട്ടു പറഞ്ഞു. 'ഇവനാണ് എന്റെ ശരിയായ ശിഷ്യൻ. അവനുമാത്രമാണ് ജ്ഞാനലാഭം ഉണ്ടായിട്ടുള്ളത്."
ഒരു ആചാര്യന് ജ്ഞാനലാഭമുള്ള ശിഷ്യനെ കിട്ടാൻ വളരെക്കാലം കാത്തിരിക്കേണ്ടിവരും. ജ്ഞാനവും ശ്രദ്ധയും സമർപ്പണവും ഉള്ളവരായിരുന്നാൽ ചെയ്യുന്നതിലൊന്നും കുറവുകളുണ്ടാവുകയില്ല. അതാകട്ടെ മറ്റുള്ളവരുടെ ഗുണത്തിനായി പ്രയോജനപ്പെടുകയും ചെയ്യും. ഈവിധം പ്രസാദവും പ്രസന്നതയും ഒത്തുചേർന്നാൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളെല്ലാം ധാർമ്മികമായിത്തീരും.
ധർമ്മം എന്നത് വെറും ദാനാദികളാണെന്ന് ധരിച്ചുവച്ചിരിക്കുന്നവരുണ്ടെങ്കിൽ ആ ധാരണ ശരിയല്ല. ഈ തിരിച്ചറിവ് ഓരോ പ്രവൃത്തിയിലും പ്രതിഫലിക്കണം. അപ്പോഴേ 'ശരിയായ ധർമ്മം അനുഷ്ഠിച്ചാൽ ഒന്നിനേയും ഭയപ്പെടാനില്ല "എന്ന് ഗുരുദേവതൃപ്പാദങ്ങൾ ഉപദേശിച്ചതിന്റെ സാരം വെളിപ്പെട്ടു കിട്ടുകയുള്ളൂ. ആ വെളിവു വന്നാൽ പ്രവൃത്തികളെല്ലാം ശുദ്ധമായിത്തീരും. അതു നല്കുന്ന സുഖമാണ് ആത്മസുഖം. ഈ ആത്മസുഖത്തിനായിട്ടാണ് മനുഷ്യരെല്ലാം പ്രയത്നിക്കേണ്ടത്. ആത്മസുഖത്തേക്കാൾ വലിയ സുഖമില്ല. അതുകൊണ്ടാണ് 'ജഗതിയിലിമ്മതമേകം" എന്നു ഗുരുദേവൻ ആത്മോപദേശശതകത്തിലൂടെ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.