ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേത്തിക്ക് പുറമെ സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാട്ടിൽ നിന്ന് കൂടി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന ചർച്ചകളിൽ എതിരഭിപ്രായവുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി. ബി.ജെ.പിക്കെതിരായ നിലപാടിൽ വെള്ളം ചേർക്കേണ്ടെന്നാണ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾ രാഹുലിനോട് പറഞ്ഞത്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തിൽ രാഹുൽ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഇടതുപാർട്ടികളുടെ വിമർശനം കണക്കിലെടുക്കണമെന്നാണ് ഇവരുടെ വാദം. ഇക്കാര്യം രാഹുൽ ഗാന്ധിയും നാളെ ചേരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് കാര്യ സമിതി യോഗവും ചർച്ച ചെയ്‌ത ശേഷം തീരുമാനത്തിലെത്തുമെന്നാണ് വിവരം.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്നും പകരം തമിഴ്നാട്ടിലെയോ കർണാടകയിലെയോ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിന് പകരം മറ്റേതെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിക്കുന്നതാവും ഉചിതമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാൽ കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്ന ഗ്രൂപ്പ് തർക്കവും സീറ്റ് നിർണയത്തിലെ അസ്വാരസ്യങ്ങളും മാറ്റി അവരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാക്കാൻ രാഹുൽ വരുമെന്ന പ്രചാരണം സഹായിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതേസമയം, വയനാട് സീറ്റിനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒരുക്കിയ കുരുക്കിൽ രാഹുൽ ഗാന്ധി വീഴുമെന്നു കരുതുന്നില്ലെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആര് മത്സരിച്ചാലും സി.പി.ഐ സ്ഥാനാർത്ഥിയായ പി.പി. സുനീറിനെ മാറ്റില്ലെന്നാണ് ഇടതുമുന്നണി നിലപാടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി