നടികൾക്കെതിരെ ലൈംഗികത കലർന്ന പരാമർശവും അധിക്ഷേപവും നടത്തി എന്നും വിവാദങ്ങളിൽ സ്ഥാനം പിടിക്കുന്ന വ്യക്തിയാണ് നടനും രാധാ രവി. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരസുന്ദരിയും തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയ്ക്കെതിരെയാണ് രാധാരവിയുടെ പുതിയ വിവാദ പരാമർശം.
നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗിനിടെയായിരുന്നു രാധാരവി താരത്തെ അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിച്ചത്. നയൻതാരയെ ലേഡിസൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. അത്തരത്തിലുള്ള വിശേഷണങ്ങൾ എം.ജി.ആറിനും, ശിവാജി ഗണേശനും പോലെയുള്ളവർക്ക് മാത്രമേ ചേരുള്ളു. പുരട്ചി തലൈവരും നടികർ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരവുമാണ്. രജനികാന്ത്, ശിവാജി ഗണേശൻ തുടങ്ങിയ താരങ്ങൾക്കൊപ്പമൊന്നും നയൻതാരയെ താരതമ്യം ചെയ്യരുത് - രാധാരവി പറഞ്ഞു.
'തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കുമപ്പുറം അവർ ഇപ്പോഴും താരമായിരിക്കാൻ കാരണം. തമിഴിൽ പ്രേതമായും തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കുന്നു. ഇപ്പോൾ അഭിനയിക്കുന്നവരുടെ എന്ത് തന്നെയായാലും കുഴപ്പമില്ല ആർക്കും ഇവിടെ സീതയാകാം. എന്റെ കാലത്ത് കെ.ആർ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്തിരുന്നത്'. എന്നും രാധാരവി പറഞ്ഞു. താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു.
എന്നാൽ നയൻതാരയെ ഇത്രയേറെ കടന്നാക്രമിച്ചിട്ടും രാധാരവിക്കെതിരെ നടികർ സംഘം നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ഇതിനെതിരെ സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേഷ് ശിവൻ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു വിഘ്നേഷ് രാധാരവിക്ക് മറുപടി കൊടുത്തത്. ഇത്തരം ആളുകൾക്ക് വേദിയിൽ കയറി എന്തും പറയാനുള്ള അവസരം ഒരുക്കി കൊടുക്കരുതെന്നും വിഘ്നേഷ് പറഞ്ഞു.
‘വലിയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാൻ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ അയാൾ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യൻ. ഇതെല്ലാം കണ്ട് പ്രേക്ഷകർ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്പോൾ വേദനയുണ്ട്,’ വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ചു.
രാധാരവിയെ വിമർശിച്ചു കൊണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റ് ചിന്മയിയും രംഗത്തെത്തിരിക്കുകയാണ്. ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ യൂട്യൂബ് ചാനലുകളിലെ വാർത്തകൾക്ക് ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു.
മറ്റൊരു സംഘടനയിലെ അംഗമായതിനാലാണ് തന്റെ പ്രശ്നത്തിൽ നടപടി എടുക്കാൻ സാധിക്കാത്തതെന്നായിരുന്നു നടികർ സംഘം പറഞ്ഞത്. എന്നാൽ അഭിനയമേഖലയിൽ വിജയിച്ച ഒരു താരത്തിനെയാണ് ഇപ്പോൾ പരസ്യമായി അധിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ നടികർ സംഘത്തിന്റെയും നിർമ്മാതാക്കളുടെ സംഘടനയുടെയും തീരുമാനം എന്താണെന്നും ചിന്മയി ചോദിച്ചു.
കൊലയുതിർ കാലം ട്രെയിലർ കാണാം....