rahul-gandhi-allegation

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരുമാനത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ 8.45 കോടി രൂപയുടെ വർദ്ധനവുണ്ടായെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിലെ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ആരോപണം. 2004ൽ 55 ലക്ഷമായിരുന്ന രാഹുലിന്റെ വരുമാനം 2014ൽ 9 കോടിയായി ഉയർന്നത് എങ്ങനെയാണ് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചൗക്കീദാർ ചോർ ഹൈ (കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യത്തിനെ തടയിടാനാണ് ബി.ജെ.പി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് കോൺഗ്രസിന്റെ മറുപടി.

രാഹുൽ ഗാന്ധീ നിങ്ങളുടെ വരുമാനം എന്താണെന്ന് അറിയാൻ രാജ്യത്തിന് ആഗ്രഹമുണ്ട്. ഞങ്ങൾക്ക് വാദ്ര മോഡൽ വികസനത്തെക്കുറിച്ച് നന്നായി അറിയാം. ഇപ്പോൾ രാഹുൽ ഗാന്ധി മോഡലിനെക്കുറിച്ചും അറിയാമെന്നും മന്ത്രി പറഞ്ഞു. 2004ൽ രാഹുൽ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ വരുമാനം 55,38,123 രൂപയായിരുന്നെങ്കിൽ 2009ൽ ഇത് രണ്ട് കോടിയായും 2014ൽ ഒമ്പത് കോടിയായും വർദ്ധിച്ചു. വെറും ഒരു പാർലമെന്റ് അംഗമായ രാഹുലിന് ഇത്രയും പണം എവിടെ നിന്നും ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തുകൊണ്ട് രാഹുലിന്റെ സമ്പത്തിൽ ഇത്രയും വർദ്ധനവുണ്ടായി എന്ന് കോൺഗ്രസ് പാർട്ടിയും വിശദീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടുജി അഴിമതിയിൽ ആരോപണ വിധേയരായ കമ്പനിയുമായി രാഹുലിന് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, തന്റെ വരുമാനം സംബന്ധിച്ച വിവരങ്ങൾ രാഹുൽ ഗാന്ധി കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും ബി.ജെ.പി കണ്ടെത്തിയെന്ന് പറയുന്ന രേഖകൾ വെറും ബാലിശമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഭയക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ ബി.ജെ.പി ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.