ലഖ്നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പിന് ചൂടേകി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മത്സരരംഗത്തേക്ക്. സമാജ് വാദി പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലാണ് അഖിലേഷ് ഉൾപ്പെട്ടിട്ടുള്ളത്. യു.പിയിലെ അസംഗഡിൽ നിന്നാണ് അഖിലേഷ് മത്സരിക്കുക. പാർട്ടിയിലെ മുതിർന്ന നേതാവും മുൻ കാബിനെറ്റ് മന്ത്രിയുമായ അസം ഖാനും രാംപൂരിൽ നിന്ന് ഇത്തവണ കന്നിയങ്കത്തിന് ഇറങ്ങിയിട്ടുണ്ട്.
പാർട്ടി മുൻ അദ്ധ്യക്ഷനും അഖിലേഷിന്റെ പിതാവുമായ മുലായം സിംഗ് യാദവ് കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് കിഴക്കൻ ഉത്തർപ്രദേശിലെ അസംഗഡ്. ഇവിടെ ആദ്യമായാണ് അഖിലേഷ് ജനവിധി തേടുന്നത്. എസ്.പി - ബിഎസ്.പി സഖ്യത്തിന് പിന്തുണ നൽകുന്ന യാദവ, മുസ്ലീം വോട്ടുകളാണ് ഇവിടെയേറെയുള്ളത്. അതേസമയം, മുലായം എസ്.പിയുടെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായ മയിൻപുരിയിൽ മത്സരിക്കും. 2014ലും മുലായം തന്നെയായിരുന്നു മെയിൻപുരിയിൽനിന്നുള്ള എം.പി.
എന്നാൽ, പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാൻ മുലായം ഉണ്ടാകില്ലെന്നാണ് സൂചന.
ഇന്നലെ പുറത്തറക്കിയ മുഖ്യപ്രചാരകരുടെ പട്ടികയിൽ അഖിലേഷ് യാദവ്, ഭാര്യ ഡിംപിൾ യാദവ്, റാം ഗോപാൽ യാദവ്, അസംഖാൻ, ജയബച്ചൻ തുടങ്ങിയവരാണ് പ്രധാനികൾ.